kk-shailaja

തൃശൂർ: കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ എന്ന രീതിയിൽ വൈറസ് ബാധയുള്ള സ്ഥലത്ത് നിന്ന് വരുന്നവർ പൊതുപരിപാടികളിലു, വിവാഹം പോലുള്ള ചടങ്ങുകളിലും പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇത്തരക്കാർ പങ്കെടുക്കേണ്ട ചടങ്ങുകൾ മാറ്റി വയ്ക്കണമെന്നും കെ.കെ ശൈലജ വ്യക്തമാക്കി

കൊറോണ വൈറസിനെ നേരിടാൻ സ്വകാര്യ മേഖലയെക്കൂടെ ഒന്നിച്ച് നിർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനാവശ്യമായ ചർച്ചകൾ സ്വകാര്യ ആശുപത്രി പ്രതിനിധികളും,​ ഐ.എം.എ അധികൃതരും,​ ആരോഗ്യ വകുപ്പുമായി നടത്തി. രോഗിയെ പരിപാലിക്കേണ്ടതിനാവിശ്യമായ എല്ലാ നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു. രോഗിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സർക്കാർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ചികിത്സക്കാവിശ്യമായ ട്രീറ്റ്മെന്റ് പ്രൊട്ടോക്കോളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ അസ്വസ്ഥരാവേണ്ട ആവശ്യമില്ലെന്നും കെ.കെ ശൈലജ വ്യക്തമാക്കി. എന്നാൽ രോഗബാധിത മേഖലകളിൽ നിന്നും വരുന്നവർ നിർബന്ധമായും വിവരം നൽകണം. ഒരുപാടു പേർ മുൻകരുതൽ നടപടികളോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രിയിലും ഐസോലേഷൻ വാർഡുകൾ ആരംഭിക്കുമെന്നും മന്തി പറഞ്ഞു.

1053 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. തൃശൂർ ജില്ലയിൽ 76 പേരും മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. കൊല്ലം 100, തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.