ന്യൂഡൽഹി: ശനിയാഴ്ച നടക്കാൻ പോകുന്ന കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്റെ ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. നിർമല സീതാരാമന്റെ ഭരണത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രത്തിനുണ്ടായ അതൃപ്തിയെ തുടർന്നാണ് ഈ പുതിയ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.
നിർമലയോടൊപ്പം സഹമന്ത്രി(ധനകാര്യം,കോർപ്പറേറ്റ് ഇടപാടുകൾ) അനുരാഗ് താക്കൂറും പുറത്താകുമെന്നും വിവരമുണ്ട്. ബ്രിക്സ് ബാങ്ക് ചെയർമാനായ കെ.വി കാമത്താണ് പുതിയ ധനമന്ത്രിയായി എത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ. നാഷണൽ ഹെറാൾഡ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകൻ സ്വപൻ ദാസ്ഗുപ്തയും കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.
നാളെ രാവിലെ 11നാണ് നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന തരത്തിലായിരിക്കില്ല ഇത്തവണത്തെ ബഡ്ജറ്റ് എന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം ഏഴു മുതൽ ഏഴര ശതമാനം വരെ വളർച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അഞ്ച് ശതമാനം സാമ്പത്തിക വളർച്ച മാത്രമാണ് രാജ്യത്തിന് നേടാൻ സാധിച്ചത്.