ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസ് ഉത്ഭവിച്ചിരിക്കുന്നത് ചൈനയിലെ ഏറ്റവും പ്രശസ്‌തമായ വൈറോളജി റിസർച്ച് ലബോറട്ടിയായ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടുതന്നെയാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ നാഷണൽ ബയോസേഫ്‌റ്റി ലാബിൽ നിന്നും പുറത്ത് വന്നതാണോ പുതിയ ഇനം കൊറോണ വൈറസുകൾ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ, ചൈനീസ് ഭരണകൂടം ഇത് നിഷേധിക്കുന്നുണ്ട്. വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ചൈനയുടെ രഹസ്യ ജൈവായുധ പദ്ധതിയുടെ ഭാഗമാണെന്ന് ഇസ്രയേലി ഇന്റലിജന്റ്സ് ഓഫീസർ ഡാനി ഷോഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു. വേറെയും പല സിദ്ധാന്തങ്ങളും ഇതിനോടകം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബിനപ്പറ്റി പുറംലോകത്തിന് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളത്.
എല്ലാം അതീവ രഹസ്യം
അന്താരാഷ്ട്ര വിലക്കുകളെ അവഗണിച്ച് ചൈന രഹസ്യലാബിൽ ജൈവായുധ പ്രയോഗം നടത്തുന്നുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ഉത്ഭവിച്ചെന്ന് പറയപ്പെടുന്ന ഹ്വനാൻ സീ ഫുഡ് മാർക്കറ്റിൽ നിന്നും ഏതാനും മൈലുകൾ മാത്രം അകലെയാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. ഇവിടെയാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ് സ്ഥിതി ചെയ്യുന്നത്.
അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ഏതാനും ചില ലാബുകളിൽ ഒന്നുമാണ് ഇത്. ലോകത്തെ ഏറ്റവും അപകടകാരികളായ രോഗങ്ങൾക്ക് കാരണമായ വൈറസുകളെ പറ്റിയുള്ള പഠനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. 2015 ജനുവരി 31നാണ് ഈ ലാബ് സ്ഥാപിതമായത്. 2017ലാണ് എന്നാൽ ഇവിടെ പ്രവർത്തനം ആരംഭിച്ചത്. എബോള ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിവിധിയായുള്ള വാക്‌സിനുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരീക്ഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്. കുരങ്ങ് ഉൾപ്പെടെയുള്ള ജീവികളിലാണ് ഇത്തരം വാക്‌സിനുകളുടെ പരീക്ഷണം നടത്തുന്നതെന്നും ഈ ജീവികളിലൂടെ വൈറസുകൾ മനുഷ്യരിലേക്കെത്തുമെന്നും അമേരിക്കൻ ഗവേഷകർ മുമ്പ് ആരോപിച്ചിട്ടുണ്ട്.
എബോള, സാർസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണക്കാരായ വൈറസുകളെ പറ്റി പഠനം നടത്താൻ ഏഴോളം ഗവേഷണ ലാബുകൾ സ്ഥാപിക്കാൻ ചൈന പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ്സ്ഥാപിക്കപ്പെട്ടത്. ബയോസേഫ്‌റ്റി ലെവൽ -4 വിഭാഗത്തിൽപ്പെട്ട ( BSL - 4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യത്തെ ലാബ് ഇതായിരുന്നു. BSL - 4 ലാബുകളിൽ വായു കടക്കാത്ത ഹാസ്‌മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. വൈറസുകളും ബാക്‌ടീരിയകളും വായുവിലൂടെ പകരാതിരിക്കാനാണിത്. ലോകത്ത് ആകെ ഏകദേശം 54 BSL - 4 ലാബുകൾ ഉണ്ട്. BSL - 3 വിഭാഗത്തിൽപ്പെട്ട കോംഗോപ്പനിയ്‌ക്ക് കാരണക്കാരായ വൈറസുകളെ പറ്റിയാണ് ഇവിടെ ആദ്യം പഠനം നടത്തിയത്. 40 ശതമാനം വരെ മരണസാദ്ധ്യതയുള്ള രോഗമാണ് കോംഗോപ്പനി.
മുന്നറിയിപ്പ് നൽകിയിരുന്നു ?
മുമ്പ് ചൈനയിലും ഹോങ്കോംഗിലും ഭീതിപരത്തിയ സാർസിന് (SARS - സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) സമാനമായ കൊറോണ വൈറസ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത് പോയേക്കാമെന്ന് 2017ൽ ശാസ്ത്രജ്ഞർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. 2002ൽ പൊട്ടിപ്പുറപ്പെട്ട സാർസ് ചൈനയിലും ഹോങ്കോംഗിലും നിരവധി ജീവൻ കവർന്നിരുന്നു. ഇപ്പോൾ സാർസിന് സമാനമായ മറ്റൊരു കൊറോണ വൈറസാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
വുഹാനിലെ ലാബിൽ നിന്നും ജനിത ഘടനയിൽ മാറ്റം സംഭവിച്ച വൈറസ് മൃഗങ്ങളിലെത്തുകയും തുടർന്ന് മനുഷ്യരിലേക്ക് പകർന്നിരിക്കാം എന്നാണ് മറ്റൊരു വാദം.
2004ൽ ബീജിംഗിലെ ഒരു ലാബിൽ നിന്നും പല തവണയായി സാർസ് വൈറസ് പുറത്തുചാടിയതായി നേച്ചർ മാഗസിൻ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് അപകടകാരികളായ വൈറസുകളെ സൂക്ഷിക്കാൻ അതീവ സുരക്ഷാ സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ നിർമിക്കാൻ ചൈനീസ് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ലാബുകൾ ഏതാണെന്നോ എവിടെയാണെന്നോ അറിവില്ല.