ശ്രീനഗർ: ജമ്മുവിൽ വ്യത്യസ്ത ഇടങ്ങളിലായി സുരക്ഷാ സേന മൂന്ന് ഭീകരവാദികളെ വധിച്ചു. ഇന്നലെ രാവിലെ അഞ്ചോടെ നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ആദ്യത്തെ ഭീകരവാദി കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ഭീകരവാദികൾ സഞ്ചരിച്ചിരുന്ന ട്രക്ക് പൊലീസ് സംഘം പരിശോധിക്കുന്നതിനിടയിൽ ഇവർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ സംഘാംഗം കൊല്ലപ്പെട്ടതോടെ മറ്റ് ഭീകരവാദികൾ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം നടന്ന തെരച്ചിലിൽ വനത്തിൽ ഒളിച്ചിരുന്ന ഭീകരവാദികളിൽ രണ്ടുപേരെ കൂടി കൊലപ്പെടുത്തിയെന്ന് ജമ്മു കാശ്മീർ ഡി.ഐ.ജി ദിൽബാഗ് സിംഗ് അറിയിച്ചു.