ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വർഷങ്ങൾ നീണ്ട അരക്ഷിതാവസ്ഥയ്ക്ക് പരിസമാപ്തി. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഇന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വിടവാങ്ങും. വെള്ളിയാഴ്‍ച രാത്രി യൂറോപ്യൻ യൂണിയന്റെ ആസ്ഥാനമായ ബ്രസൽസിൽ 12 മണിയാകുമ്പോൾ ബ്രെക്സിറ്റ് നടപ്പാകും. അപ്പോൾ ബ്രിട്ടനിൽ സമയം രാത്രി 11.30 (ഇന്ത്യയിൽ ശനിയാഴ്‍ച പുലർച്ചെ 4.30). യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വ്യാപാര നയങ്ങളും കസ്റ്റംസ് നിയമങ്ങളും എങ്ങനെയാവണം എന്ന കാര്യത്തിൽ വരും മാസങ്ങളിൽ ചർച്ച തുടരും. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബ്രെക്സിറ്റ് ബില്ലിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചിരുന്നു. യൂറോപ്യൻ പാർലമെന്റും ബിൽ അംഗീകരിച്ചു. ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ ഇ.യുവിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഇനി ബ്രിട്ടന് പങ്കാളിത്തമുണ്ടാകില്ല. യൂറോപ്യൻ പാർലമെന്റിൽ ബ്രിട്ടീഷ് പ്രതിനിധികളും ഉണ്ടാവില്ല. എന്നാൽ വ്യാപാര, കസ്റ്റംസ് ബന്ധങ്ങൾ തത്കാലം തുടരും. അതുകൊണ്ടുതന്നെ ബ്രിട്ടനിലും ഇ.യു രാജ്യങ്ങളിലെ ബാക്കിയുള്ള 27 രാജ്യങ്ങളിലുമുള്ള ജനങ്ങൾക്ക് മാറ്റം പെട്ടെന്ന് അനുഭവപ്പെടില്ല. ഡിസംബർ 31 വരെ സംക്രമണ ഘട്ടമാണ്. ബ്രെക്സിറ്റിനു ശേഷം വ്യാപാര, കസ്റ്റംസ് നയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെയാവണം എന്ന് ധാരണയിലെത്താനുള്ള കാലമാണിത്.
മാറ്റങ്ങൾ
ബ്രക്സിറ്റ് നിലവിൽ വരുന്നതോടെ യൂറോപ്യൻ പാർലമെന്റിലെ 73 ബ്രിട്ടീഷ് എം.പിമാർക്ക് സ്ഥാനം നഷ്ടമാകും. പാർലമെന്റിന് മുന്നിലെ ബ്രിട്ടീഷ് പതാക ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിന് മുന്നിൽ പാറിക്കളിക്കും. യൂറോപ്യൻ കൗൺസിൽ, കമ്മിഷൻ എന്നിവയിലും ഇനി യു.കെയുടെ പ്രാതിനിദ്ധ്യമുണ്ടാകില്ല.
ഇന്ത്യയെ ബാധിക്കുമോ
ഇ.യു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ മാറ്റമുണ്ടാകുന്നതോടെ ബ്രിട്ടൻ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഇത് വലിയ അവസരമായിരിക്കും തുറക്കുക. ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെടാനും ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാധീനിക്കാനും യു.കെ ശ്രമിച്ചേക്കും. അതേസമയം, യു.കെയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ഇന്ത്യക്കാർ നികുതി ഘടനയിൽ വലിയ മാറ്റങ്ങൾ വരുമെന്നത് മൂലം പിൻമാറിയേക്കാം.ഇന്ത്യൻ വൻകിട വ്യവസായികളെയും ആശങ്കപ്പെടുത്തുന്നതാണ് ഈ നികുതിഘടന. ഇ.യു രാജ്യങ്ങളിലെ ഇന്ത്യൻ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം കിട്ടാനും പ്രയാസമായിരിക്കും.