വാഷിംഗ്ടൺ: ലോക സമ്പന്നനും മൈക്രോസോഫ്ട് സഹസ്ഥാപകനുമായ ബിൽഗേറ്റ്സിന്റെ മകൾ
ജെന്നിഫർ ഗേറ്റ്‌സിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കാത്ത ചെറുപ്പക്കാരുണ്ടാകില്ല. എന്നാൽ ആ ഭാഗ്യം ലഭിക്കുന്നത്. ഈജിപ്ഷ്യൻ കോടീശ്വരനും കുതിര ഓട്ടക്കാരനുമായ നയേൽ നാസറിനാണ്. നയേലുമായി വിവാഹനിശ്ചയം കഴിഞ്ഞ വിവരം ജെന്നിഫർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇരുവരും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു.
'നയേൽ നാസർ, നീ സമാനതകളില്ലാത്ത മനുഷ്യനാണ്. ജീവിതകാലം മുഴുവൻ താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും ഒരുമിച്ച് ചെലവഴിക്കുന്നതിനുമായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല', നയേലിന്റെ കൂടെയുള്ള ചിത്രത്തിനൊപ്പം ജെന്നിഫർ കുറിച്ചു.
മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരയിൽ നയേലിനൊപ്പം ചേർന്നിരിക്കുന്ന ചിത്രമാണ് ജെന്നിഫർ പങ്കുവച്ചത്.
''ഞാൻ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങൾ', എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെയായി ബിൽ ഗേറ്റ്‌സ് കുറിച്ചത്.
ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന അടിക്കുറിപ്പോടെ നയേലും ഇൻസ്റ്റഗ്രാമിലൂടെ വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുപത്തിയൊമ്പതുകാരനായ നാസർ 2020ലെ ഒളിമ്പിക്‌സിൽ ഈജിപ്തിനെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ്.