ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ താമസിപ്പിക്കാൻ ഡൽഹിയിൽ പ്രത്യേക സജ്ജീകരണമൊരുക്കി ഇന്ത്യൻ സൈന്യം. ഡൽഹിക്കു സമീപം മനേസറിലാണ് 300 വിദ്യാർഥികളെ താമസിപ്പിക്കാൻ കഴിയുംവിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം സൈന്യം ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്‌ചയോളം വിദ്യാർഥികളെ ഇവിടെ താമസിപ്പിച്ച് ഒരു സംഘം ഡോക്ടർമാർ വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും. ഇവർ വന്നിറങ്ങുന്ന വിമാനത്താവളത്തിൽ ആദ്യ പരിശോധന നടത്തും. വിമാനത്താവളത്തിലെ ആരോഗ്യ അധികൃതരുടെയും സൈനിക ഡോക്‌ടർമാരുടെയും നേതൃത്വത്തിലാകും പരിശോധന.
വിദ്യാർഥികളെ മൂന്നു സംഘങ്ങളാക്കി തിരിച്ചാകും വിമാനത്താവളത്തിൽ പരിശോധന നടത്തുക. ആദ്യം കൊറോണയുടെ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉള്ളവരെ പരിശോധിക്കും. ഇവരെ നേരിട്ട് ബേസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും വുഹാനിലെ മത്സ്യ–മൃഗ മാർക്കറ്റുകൾ സന്ദർശിച്ചവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വുഹാനിൽ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരെയുമാണ് രണ്ടാമത്തെ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്നാമത്തെ സംഘത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവരും രോഗലക്ഷണം ഉള്ളവരുമായി ഇടപഴകാത്തവരും ഉൾപ്പെടുന്നു. ഈ രണ്ടു സംഘത്തിലുള്ളവരെയും മനേസറിലേക്കു കൊണ്ടുപോകും.
Indian Army has created a facility near Manesar, Haryana for quarantine of approximately 300 Indian students who will be arriving from Wuhan, China. At the facility, students can be monitored for a duration of weeks by a qualified team of doctors and staff members. #coronavirus pic.twitter.com/lPib3CNG2E
— ANI (@ANI) January 31, 2020
ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽ നിന്നു വുഹാനിലേക്കു ഉച്ചയോടെ പുറപ്പെട്ടിരുന്നു. ഡൽഹിയിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ 374 പേരാണ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക. ചൈനയിൽ നിന്ന് മടങ്ങുന്ന ആദ്യ സംഘം പുലർച്ചെ രണ്ടോടെ ഡൽഹിയിലെത്തുമെന്നാണ് സൂചന.