ന്യൂഡൽഹി: രാജ്യം കാത്തിരുന്ന നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികളുടെ മരണ വാറന്റ് ദില്ലി പട്യാല ഹൗസ് കോടതി മാറ്റിവച്ചു. ഇനിയൊരു ഉത്തരവ് വരുന്നതുവരെ വധ ശിക്ഷയ്‌ക്ക് സ്‌റ്റേ എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ അക്ഷയ് സിംഗ് നൽകി ഹർജിയിലാണ് ഇപ്പോൾ സ്‌റ്റേ വിധിച്ചിരിക്കുന്നത്.
തിഹാർ ജയിൽ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം അഡീഷനൽ സെഷൻസ് ജഡ്‌ജ് ധർമേന്ദർ റാണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ പ്രതികളിൽ ഒരാളായ പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദം ഉന്നയിച്ചു സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
കേസിൽ മൂന്നു പ്രതികളുടെ അപ്പീലുകളോ അപേക്ഷകളോ പരിഗണനയിൽ ഇല്ലാത്തതിനാൽ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ നേരത്തെ പറഞ്ഞിരുന്നു.