mask

ബെയ്ജിംഗ്: ചൈനയിൽ മാസ്കിന് ക്ഷാമം !. കൊറോണ വൈറസ് ബാധ മൂലം ചൈനീസ് ജനത മുഴുവൻ മാസ്ക് ഉപയോഗം പതിവാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ മാസ്കിനും ക്ഷാമം നേരിട്ടതോടെ പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങൾ വരെ മാസ്‌കുകളായി ഉപയോഗിക്കുകയാണ് ജനങ്ങൾ. വൈറസ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മെഡിക്കൽ സ്‌റ്റോറുകൾക്ക് മുന്നിൽ തിരക്ക് വർദ്ധിച്ചിരുന്നു. വളരെപ്പെട്ടെന്ന് തന്നെ മാസ്‌കുകളടക്കമുള്ള വ്യക്തിശുചിത്വ വസ്തുക്കൾ വിറ്റഴിഞ്ഞു. വൈറസ് ഭീതിയെ തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ കടകമ്പോളങ്ങളും അടച്ച സാഹചര്യത്തിൽ മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് ആളുകൾ ഒടിച്ചുമടക്കാവുന്ന എല്ലാ വസ്തുക്കളും മാസ്ക്കായി ഉപയോഗിക്കാൻ തുടങ്ങിയത്. സാനിറ്ററും നാപ്കിനും പച്ചക്കറിത്തോടുകളും പ്ലാസ്റ്റിക് കവറുകളും അടിവസ്ത്രങ്ങളും തുടങ്ങി ഹെൽമെറ്റ് വരെ മാസ്‌കുകളായി രൂപാന്തരം പ്രാപിച്ചു. ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് മാസ്കുക്കളുടെ ഉത്പാദനം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജയിൽ തടവുകാരെ 24 മണിക്കൂർ തൊഴിലെടുപ്പിച്ച് മാസ്‌ക് ഉത്പാദനം കൂട്ടാനാണ് ശ്രമമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചൈനയിൽ കൊറോണ ബാധയിൽ മരിച്ചവരുടെ എണ്ണം 213ആയി. 9,800ഒാളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.