sanju-samson

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യ വിജയം നേടിയത്. സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരം അഞ്ചാം പന്തിൽ ഇന്ത്യ നേടിയെടുക്കുകയായിിരുന്നു. മൂന്നാം പന്തിൽ രാഹുൽ പുറത്തായെങ്കിലും പകരമെത്തിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിനിറുത്തി നാലാം പന്തിൽ ഡബിളും അഞ്ചാം പന്തിൽ ഫോറും നേടി ക്യാപ്റ്റൻ വിരാട് കൊഹലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

എന്നാൽ മത്സരത്തിൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ സഞ്ജു ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയ സഞ്ജു വലിയ ഷോട്ടുകൾക്ക് മുതിരവെ 8 റൺസിന് പുറത്താകുകയായിരുന്നു. അതേസമയം സഞ്ജുവിനെ കുറിച്ചുള്ള സന്ദീപ് ദാസ് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സഞ്ജു സാംസൺ പ്രകടനം ഒാർമ്മിപ്പിക്കുന്നത് രോഹിത് ശർമ്മയുടെ പ്രാരംഭകാലത്തെയാണെന്നും എന്നാൽ അലക്ഷ്യമായ ഷോട്ട് കളിച്ചാണ് പുറത്താകുന്നതെന്നും സന്ദീപ് കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സഞ്ജു സാംസൺ ഒാർമ്മിപ്പിക്കുന്നത് രോഹിത് ശർമ്മയുടെ പ്രാരംഭകാലത്തെയാണ്.അസാമാന്യപ്രതിഭയാണ് എന്ന കാര്യം എല്ലാവർക്കും അറിയാം.കുറച്ച് കിടിലൻ ഷോട്ടുകൾ കളിക്കും.പക്ഷേ മികച്ച തുടക്കത്തെ വലിയൊരു സ്കോറാക്കി മാറ്റുന്നതിനുപകരം അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്താകും.

പക്ഷേ ഇരുവരും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.രോഹിതിന് ആഭ്യന്തരക്രിക്കറ്റിൽ അത്യാകർഷകമായ അക്കങ്ങളുണ്ടായിരുന്നു.ധോനി എന്ന നായകന്റെ പരിപൂർണ്ണ പിന്തുണയുണ്ടായിരുന്നു.ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തികേന്ദ്രമായ മുംബൈയുടെ ഉത്പന്നവുമായിരുന്നു.

സഞ്ജുവിന്റെ ഡൊമെസ്റ്റിക് റെക്കോർഡ്സ് അത്രയേറെ മികച്ചതൊന്നുമല്ല.രോഹിതിനെ ധോനി സപ്പോർട്ട് ചെയ്ത അതേ അളവിൽ വിരാട് സഞ്ജുവിനെ പിന്തുണയ്ക്കും എന്ന് കരുതാനാവില്ല.മലയാളി ആയതുകൊണ്ട് ചരടുവലികൾ നടത്താൻ ഗോഡ്ഫാദർമാരും ഉണ്ടാവില്ല.

അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിക്കണം.ഇന്ന് ലഭിച്ചത് സുവർണ്ണാവസരം തന്നെയായിരുന്നു.രോഹിതിന് പകരം ടീമിൽ എത്തുന്നു.അതും ടീം മാനേജ്മെന്റിന്റെ ഒാമനയായ ഋഷഭ് പന്തിനെ മറികടന്ന്.ഒാപ്പൺ ചെയ്യുന്നു.സീരീസ് ഇന്ത്യ നേടിക്കഴിഞ്ഞതിനാൽ മത്സരം അപ്രസക്തമാണ് എന്ന ആനുകൂല്യവും.

കിവീസ് ഫാസ്റ്റ് ബൗളർ സ്കോട്ടിനെതിരെ സഞ്ജു ഒരു സിക്സർ നേടിയിരുന്നു.ആ ഷോട്ട് കണ്ടാൽ സഞ്ജു എങ്ങനെ ഇന്ത്യൻ ടീം വരെയെത്തി എന്ന് മനസ്സിലാകും.

140 കിലോമീറ്ററോളം വേഗത്തിൽ എത്തിയ സ്കോട്ടിന്റെ ഡെലിവെറി മിഡ്-വിക്കറ്റിനുമുകളിലൂടെ സിക്സറാക്കി മാറ്റി.94 മീറ്റർ ദൂരത്തേക്കാണ് ആ ഹിറ്റ് സഞ്ചരിച്ചത്.വളരെ അനായാസമായിട്ടാണ് സഞ്ജു ആ ഷോട്ട് കളിച്ചത്.ശരിക്കും ഒരു രോഹിത് ശർമ്മ അച്ചിൽ വാർത്തെടുത്ത സിക്സർ തന്നെ !

എന്നാൽ സഞ്ജു ഒൗട്ടായ ഷോട്ട് കണ്ടാൽ എന്തുകൊണ്ട് അയാൾ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാകുന്നില്ല എന്ന കാര്യവും മനസ്സിലാകും.ഇന്നിംഗ്സിന്റെ രണ്ടാമത്തെ ഒാവറിൽ ഫാസ്റ്റ് ബൗളർക്കെതിരെ മൂന്ന് സ്റ്റംമ്പുകളും എക്സ്പോസ് ചെയ്ത്,സ്വയം റൂം അനുവദിച്ച് ഷോട്ട് കളിച്ചു.പന്തിന്റെ യാത്ര ഇന്നർ സർക്കിളിനുള്ളിൽ തന്നെ അവസാനിക്കുകയും ചെയ്തു.

സാധാരണഗതിയിൽ സെറ്റ് ആയ ഒരു ബാറ്റ്സ്മാൻ ഇന്നിംഗ്സിന്റെ അവസാനഘട്ടത്തിൽ കളിക്കുന്ന ഷോട്ടാണത്.അതല്ലെങ്കിൽ ഒരു വാലറ്റക്കാരന്റെ ആയുധം.സഞ്ജു ഇത് രണ്ടും ആയിരുന്നില്ല.ഒരു ക്ലാസ് ബാറ്റ്സ്മാനായ അയാൾക്ക് കോപ്പിബുക്ക് ഷോട്ടുകൾ കളിക്കാമായിരുന്നു.പവർപ്ലേ എളുപ്പത്തിൽ മുതലെടുക്കാമായിരുന്നു.കരിയറിനെ നിർണ്ണയിക്കുന്ന ഒരു കാമിയോ കാഴ്ച്ചവെയ്ക്കാമായിരുന്നു.പക്ഷേ മലയാളികളെ ഒന്നടങ്കം നിരാശയിലാഴ്ത്തിക്കൊണ്ട് അയാൾ തിരിഞ്ഞുനടന്നു.

ശ്രീലങ്കയ്ക്കെതിരെ ലഭിച്ച അവസരവും ഇതുപോലെ പാഴാക്കിക്കളയുകയാണ് ചെയ്തത്.അന്നും ഒരു സിക്സർ അടിച്ചതിൻ്റെ പിന്നാലെ ഒൗട്ടായി.

ഒരു ജനതയുടെ മുഴുവൻ മോഹങ്ങളാണ് സഞ്ജുവിലൂടെ സഫലീകരിക്കപ്പെടാനായി കാത്തുനിൽക്കുന്നത്.ഇന്ത്യൻ ടീമിൽ മലയാളികൾക്ക് കളിക്കാൻ സാധിക്കില്ല എന്നാണ് നാം കരുതിയിരുന്നത്.പക്ഷേ അത് തെറ്റിച്ചുകൊണ്ട് ടിനു യോഹന്നാനും ശ്രീശാന്തും വന്നു.എങ്കിലും ആ രണ്ടു കരിയറുകളും പൂർണ്ണതയിൽ എത്തിയില്ല.മാത്രവുമല്ല,അവർ ബൗളർമാരുമായിരുന്നു.

ക്രിക്കറ്റ് ബാറ്റ്സ്മാന്റെ ഗെയ്മാണ്.സിക്സറുകളും ഫോറുകളും ഒഴുകുന്നത് കാണാനാണ് കാഴ്ച്ചക്കാർ പണം മുടക്കുന്നത്.അതുകൊണ്ടാണ് ഇന്ത്യയിൽ ബാറ്റ്സ്മാന്മാർ ദൈവങ്ങളെപ്പോലെ ആരാധിക്കപ്പെടുന്നത്.ആ പദവിയിൽ ഒരു മലയാളി ഇരുന്നുകാണാൻ ആരാണ് ആഗ്രഹിക്കാത്തത്!?

സഞ്ജുവിന് അതിന് സാധിക്കും.കഴിവിന്റെ കാര്യത്തിൽ സംശയമില്ല.പക്ഷേ കഴിവ് ഉപയോഗിച്ച് എന്തുചെയ്യുന്നു എന്നതാണ് പ്രധാനം.

മുംബൈയിലെ ക്രിക്കറ്റ് കോച്ചായ രമാകാന്ത് അച്ചരേക്കർക്ക് രണ്ട് ശിഷ്യന്മാരുണ്ടായിരു­ന്നു.സച്ചിൻ തെൻഡുൽക്കറും വിനോദ് കാംബ്ലിയും.കഴിവ് കൂടുതൽ വിനോദിനായിരുന്നു.പക്ഷേ ഉയരങ്ങൾ കീഴടക്കിയത് സച്ചിനാണ് !

വേറൊരു കാര്യം കൂടിയുണ്ട്.ന്യൂസീലാൻഡിൽ വെച്ച് നടന്ന ഒരു ഏകദിനമത്സരത്തിൽ ഒാപ്പൺ ചെയ്യാൻ അവസരം ലഭിച്ചപ്പോഴാണ് സച്ചിൻ്റെ കരിയർ മാറിമറിഞ്ഞത് ! ലഭിച്ച ആദ്യ ചാൻസ് തന്നെ ലിറ്റിൽ മാസ്റ്റർ കൃത്യമായി ഉപയോഗപ്പെടുത്തി.

ഈ കഥകളെല്ലാം സഞ്ജുവിന്റെ ഒാർമ്മയിൽ എന്നുമുണ്ടാവണം.

പ്രിയ സഞ്ജു,താങ്കൾ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ കണ്ടിരുന്നു.''ഷമി ഹീറോയാടാ'' എന്ന് മൊഹമ്മദ് ഷമിയെക്കൊണ്ട് പറയിച്ച രംഗം.ഇനി താങ്കളുടെ ഊഴമാണ്.

''സഞ്ജു ഹീറോയാടാ'' എന്ന് ലോകം മുഴുവൻ ആർത്തുവിളിക്കണം.ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു.