ജയ്പൂർ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്രറിനുമെതിരെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ആഹ്വാനത്തിന് പിന്നാലെ അഞ്ചുലക്ഷത്തോളം യുവാക്കൾ എൻ,ആർ.യുവിൽ രജിസ്റ്റർ ചെയ്തു. ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച യുവജൻ ആക്രോശ് റാലിയിലാണ് എൻ.ആർ.യു പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിലില്ലാത്തവരുടെ ഔദ്യോഗിക കണക്കെടുക്കുക എന്ന ലക്ഷ്യവും കോൺഗ്രസിന്റെ ആഹ്വാനത്തിന് പിന്നിലുണ്ട്.
തൊഴിലില്ലാത്ത യുവാക്കൾ 8151994411 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. തൊഴില്‍രഹിതരായ യുവാക്കളുടെ കണക്കെടുത്ത ശേഷം അത് പ്രധാനമന്ത്രിക്ക് അയയ്ക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രാജസ്ഥാൻ സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തിൽ കൂടി ശ്രദ്ധിക്കണമെന്ന് ബി.ജെ.പി വക്താവ് മുകേഷ് പരീക് പറഞ്ഞു.