ഹാമിൽട്ടൺ: സൂപ്പർ ഓവറിൽ വീണ്ടും ഇന്ത്യയുടെ വിജയച്ചിരിയും ന്യൂസിലൻഡിന്റെ കണ്ണീരും. ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ സൂപ്പർ ഓവറോളം നീണ്ട നാലാം ട്വന്റി-20യിലും ജയം നേടി ഇന്ത്യ പരമ്പരയിൽ 4-0ത്തിന് മുന്നിലെത്തി. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സൂപ്പർ ഓവർ വിജയമാണിത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തഇൽ 165 റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തതോടെ മത്സരം ടൈ ആവുകയായിരുന്നു. തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്രിംഗിനിറങ്ങിയ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ ഒരു വിക്കറ്ര് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി 16/1.
സിക്സും ഔട്ടും
നേരത്തേ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്രിംഗിനിറങ്ങുകയായിരുന്നു. മലയാളി ആരാധകരുടെ ആവേശം വാനോളമുയർത്തി സഞ്ജു സാംസണെ ഇന്ത്യ ഓപ്പണറാക്കി ഇറക്കിയെങ്കിലും കിട്ടിയ അവസരം കൃത്യമായി മുതലാക്കാൻ താരത്തിനായില്ല.ശ്രീലങ്കയ്ക്കെതിരെ എന്നതുപോലെ ഒരു സിക്സ് നേടി അധികം സഞ്ജു ഔട്ടാവുകയായിരുന്നു. കഗ്ഗ്‌ലെയ്ജൻ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ വൈഡ് മിഡ് ഓണിന് മുകളിൂടെ സിക്സർ പറത്തിയ സഞ്ജു മൂന്നാം പന്തിൽ അനാവശ്യഷോട്ടിന് മുതിർന്ന് സാന്റ്നർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.5 ബാളിൽ 8 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
മനീഷ് മിന്നി
തുടർന്നെത്തിയ നായകൻ വിരാട് കൊഹ്‌ലിയും (11), ശ്രേയസ് അയ്യരും (1) വലിയ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി. കെ.എൽ. രാഹുൽ 26 പന്തിൽ 3 സിക്സിന്റെയും അമ്പടിയോടെ 39 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ശിവം ദുബെയും (1) പരാജയപ്പെട്ടപ്പോൾ കിട്ടിയ അവസം ഒരിക്കൽക്കൂടി മുതലാക്കിയ മനീഷ് പാണ്ഡേയാണ് പുറത്താകാതെ അർദ്ധ സെഞ്ച്വറിയുമായി (36 പന്തിൽ 50) ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.ഷർദ്ദുൽ താക്കൂർ (15 പന്തിൽ 20), നവദീപ് സെയ്‌നി (9 പന്തിൽ 11) എന്നിവർ വാലറ്റത്ത് ശ്രദ്ധേയ പ്രകടനം നടത്തി. ന്യൂസിലൻഡിനായി ഇഷ് സോധി മൂന്നും ബെന്നറ്ര് രണ്ടും വിക്കറ്രുകൾ വീഴ്‌ത്തി.
ടൈ കെട്ടി കിവി
തുടർന്ന് ബാറ്രിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായി.ഓപ്പണർ കോളിൻ മൂൺറോയും (47 പന്തിൽ 64), കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ സ്ഥാനക്കയറ്റം കിട്ടിയ വിക്കറ്റ് കീപ്പർ സെയ്ഫർട്ടും (39 പന്തിൽ 57) മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 74 റൺസിന്റെ കൂട്ടുകെട്ടാണ് ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ നെടുംതൂണായത്. മൂൺറോയെ അതിമനോഹരമായി നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കി കൊഹ്‌ലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തിൽ 24 റൺസെടുത്ത റോസ് ടെയ്‌ലറും കിവി ഇന്നിംഗ്സിൽ തിളങ്ങി.
അവസാന ഓവറിൽ ന്യൂസിലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസായിരുന്നു.
ആദ്യ പന്തിൽ തന്നെ സെയ്നി നന്നായി ബാറ്റ് ചെയ്ത് വരികായിരുന്ന റോസ് ടെയ്‍ലറെ ശ്രേയസ് അയ്യരുടെ കൈയിൽ എത്തിച്ചു. രണ്ടാം പന്തിൽ ഡാരിൽ മിച്ചൽ ഫോറടിച്ചു. ഇതോടെ കിവീസിന്റെ വിജയലക്ഷ്യം നാലു പന്തിൽ മൂന്നു റൺസായി. മൂന്നാം പന്തിൽ സെയ്ഫർട്ട് റണ്ണൗട്ടായി. വിജയലക്ഷ്യം മൂന്നു പന്തിൽ മൂന്നു റൺസ്. നാലാം പന്തിൽ സാന്റ്നർ ഒരുറൺസ് നേടി. അഞ്ചാം പന്തിൽ ശിവം ദുബെയ്ക്ക് ക്യാച്ച് നൽകി ഡാരിൽ മിച്ചൽ (4) പുറത്ത്. ഇതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ടു റൺസ്. എന്നാൽ, പന്തുനേരിട്ട സാന്റ്നറിന് നേടാനായത് ഒരു റൺസ് മാത്രമായിരുന്നു. രണ്ടാം റൺസിനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായതോടെ മത്സരം വീണ്ടും സമനിലയാവുകയായിരുന്നു.
സൂപ്പർ ഓവർ
സെയ്ഫർട്ടും മൂൺറോയുമാണ് ന്യൂസിലൻഡിനായി സൂപ്പർ ഓവർ ഓപ്പൺ ചെയ്തത്. ബുംര എറിഞ്ഞ സൂപ്പർ ഓവറിൽ നിന്ന് 13 റൺസാണ് ന്യൂസിലൻഡ് നേടിയത്. സെയ്ഫർട്ടിന്റെ വിക്കറ്രാണ് അവർക്ക് നഷ്ടമായത്. റോസ് ടെയ്ലർ (0) മൂൺറോയ്ക്കൊപ്പം (5) പുറത്തകാതെ നിന്നു.
ഇന്ത്യയ്ക്കായി കെ.എൽ.രാഹുലും കൊഹ്‌ലിയും ആണ് സൂപ്പർ ഓവർ ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരത്തിലേപോലെ സൗത്തി തന്നെയാണ് ന്യൂസിലൻഡിനായി സൂപ്പർ ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും നേടി രാഹുൽ ഇന്ത്യയുടെ സമ്മർദ്ദം അകറ്റി. അടുത്ത പന്തിൽ രാഹുൽ പുറത്തായി. പകരമെത്തിയത് സഞ്ജുവായിരുന്നു. സഞ്ജുവിനെ നോൺ സ്ട്രൈക്ക് എൻഡിൽ നിറുത്തി കൊഹ്‌ലി ( 6) ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു.