ഡൽഹി : കൊറോണ വൈറസ് പടരുന്ന ചൈനയിൽ കുടുങ്ങിയ 366 പേരെ നാളെ ഇന്ത്യയിലെത്തിക്കും. ഇതിനായുള്ള എയർ ഇന്ത്യ വിമാനം വുഹാനിൽ എത്തി. മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾക്കായി സഫ്ദർ ജംഗ് ആശുപത്രിയിൽ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
വുഹാനില്‍ നിന്ന് പുലർച്ചെ രണ്ട്മണിയോടെ തിരിക്കുന്ന വിമാനം നാളെ രാവിലെയോടെയായിരിക്കും ഡൽഹിയിലെത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചംഗ ഡോക്ടര്‍ർമാർ വിമാനത്തിലുണ്ട്. ആദ്യ സംഘത്തിൽ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തില്‍ ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസും എയർപോർട്ട് ഹെൽത്ത് അതോറിട്ടിയും പ്രാഥമിക പരിശോധനകള്‍ നടത്തും.
രോഗ ലക്ഷണം കാണിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും.തുടർന്ന് നടത്തുന്ന പരിശോധനയിൽ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കൂ. രണ്ടാമത്തെ വിമാനം നാളെ വുഹാനിലേക്ക് പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.