ബിദാർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് കൊണ്ടുള്ള നാടകം അവതരിപ്പിച്ചതിന് പ്രധാനാദ്ധ്യാപികയും രക്ഷിതാവും അറസ്റ്റിൽ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സ്കൂളിൽ നാടകം അവതരിപ്പിച്ചതിനാണ് കേസ്. കർണാടക ബിദാറിലെ ഷഹീൻ സ്കൂൾ പ്രധാനാദ്ധ്യാപിക ഫരീദ ബീഗം, വിദ്യാർത്ഥികളിലൊരാളുടെ അമ്മയായ അനുജ മിൻസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജനുവരി ഇരുപത്താറിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെയുള്ള നാടകത്തിൽ നരേന്ദ്രമോദിയെ മോശമായി അവതരിപ്പിച്ചെന്നും പരാതിൽ പറയുന്നുണ്ട് അതിനെതിരെ എ.ബി.വി.പിയും ആർ.എസ്.എസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നാടകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആരെങ്കിലും ചോദിച്ചാൽ അവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശം നാടകത്തിലുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സാമൂഹ്യ പ്രവർത്തകൻ നീലേഷ് രക്ഷ്യാൽ എന്നയാളാണ് പരാതി നൽകിയത്. കുട്ടികളെ നിർബന്ധിച്ച് നാടകം കളിപ്പിക്കുകയായിരിന്നെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.