corona-

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 418 പേർക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. 50 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 36 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൃശൂരിൽ രോഗലക്ഷണമുള്ള 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 214 പേർ. മലപ്പുറത്ത് 205 പേരും എറണാകുളത്ത് 195 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്. കൊറോണ സ്ഥിരീകരിച്ച തൃശൂരിൽ 125 പേരാണ് നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധയില്ലെന്നും മന്ത്രി അറിയിച്ചു. പഇതുവരെ 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ വാർഡുകളും പൂർണ സജ്ജമാണ്. തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ ബോധവത്കരണ പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.

വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. അവർക്കെതിരെ സൈബർ സെൽ കർശനമായ നടപടികളിലേക്ക് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.