തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ നില മെച്ചപ്പെട്ടതായും സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്കാജനകമായി ഒന്നുമില്ലെന്നും മന്ത്രി കെ.കെ ശൈലജ. വിദ്യാർത്ഥിനിയെ ഇന്നലെ രാവിലെ ആറോടെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
പെൺകുട്ടിക്കൊപ്പം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് പേരെ വ്യാഴാഴ്ച തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു.
വിദ്യാർത്ഥിക്കൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂം സൗകര്യം ഉപയോഗിച്ച് തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് സംബന്ധിച്ച ബോധവത്കരണം നൽകും. വിമാനത്താവളങ്ങളിൽ ആഭ്യന്തര ടെർമിനുകളിൽ അടക്കം ഹെൽപ്പ് ഡസ്‌ക് സൗകര്യം ഏർപ്പെടുത്തി.
സർക്കാർ ആശുപത്രികളിൽ 64 ഐസൊലേഷൻ മുറികൾ സജ്ജമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ വാർഡുകളും 15 തീവ്രപരിചരണ യൂണിറ്റും സജ്ജമാണ്. വീടുകളിൽ ക്വാറന്റൈനിൽ (ഏകാന്തവാസം) കഴിയുന്നവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ട് വരുന്നു. രോഗലക്ഷണം കാണിക്കുന്നവരെ ആശുപത്രികളിൽ എത്തിക്കാനായി 10 ആംബുലൻസുകൾ തൃശൂരിൽ സജ്ജമാണ്. ഈ ആംബുലൻസുകളിലേ കൊറോണ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിൽ എത്തിക്കാവൂ. ഇതിനായി പൊതുവാഹനങ്ങളോ സ്വന്തം വാഹനങ്ങളോ ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ആശുപത്രി ജീവനക്കാരായ 2706 പേർക്ക് ഇതു വരെ പരിശീലനം നൽകി. 110 പേർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരിശീലനം നൽകിയത്. ശനിയാഴ്ച മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകും. മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി. എസ് സുനിൽ കുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.