സിഡ്നി: ആസ്ട്രിയൻ സെൻസേഷൻ ഡൊമനിക്ക് തീം ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് തീം ഫൈനലുറപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചാണ് തീമിന്റെ എതിരാളി. ആദ്യ സെറ്ര് 3-6ന് നഷ്ടമാക്കിയ തീം പിന്നീട് തകർപ്പൻ തിരിച്ചു വരവ് നടത്ത് അടുത്ത സെറ്റുകൾ 6-4, 7-6 (3), 7-6 (4) ന് സ്വന്തമാക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. രണ്ട് ടൈബ്രേക്കറുകളും കടന്നാണ് തീമിന്റെ വിജയം. 3 മണിക്കൂർ 42 മിനിട്ട് പോരാട്ടം നീണ്ടു.
തുടക്കത്തിൽ സ്വരേവിനായിരുന്നു ആധിപത്യം. മികച്ച സർവുകളും റിട്ടേണുകളുമായി കളംനിറഞ്ഞ സ്വരേവ് തീമിനെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് 6-3ന് നേടി. അടുത്തസെറ്റിൽ നിർണായക ബ്രേക്ക് നേടി തീം തിരിച്ചടിച്ച് 6-4ന് സെറ്ര് സ്വന്തമാക്കി. തുടർന്ന് ടൈ ബ്രേക്കറുകൾ കടന്ന് അടുത്ത രണ്ട് സെറ്രും സ്വന്തമാക്കി തീം ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
ആസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ആസ്ട്രിയൻ താരമാണ് തീം
തന്റെ എട്ടാം ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിനാണ് നാളെ ജോക്കോവിച്ച് ഇറങ്ങുന്നത്
ഇവിടെ കളിച്ച 7 ഫൈനലിലും അദ്ദേഹം ജയിച്ചിട്ടുണ്ട്
നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2നാണ് ജോക്കോവിച്ച് - തീം ഫൈനൽ പോരാട്ടം
വനിതാ ഫൈനൽ ഇന്ന്
ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് അമേരിക്കൻ താരം സോഫിയ കെനിനും സ്പാനിഷ് താരം ഗാർബീൻ മുഗുരുസയും ഏറ്റുമുട്ടും. കെനിന്റെ കന്നി ഗ്രാൻസ്ളാം ഫൈനലും മുഗുരുസയുടെ ആദ്യ ആസ്ട്രേലിയൻ ഒാപ്പൺ ഫൈനലുമാണ് ഇന്ന് മെൽബണിൽ നടക്കുക. ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം. സെമിയിൽ ആഷ്‌ലി ബാർട്ടിയെ കീഴടക്കിയാണ് കെനിൻ ഫൈനലിൽ എത്തിയത്. മുഗുരുസ ഹാലപ്പിനെയാണ് സെമിയിൽ വീഴ്ത്തിയത്.
മുമ്പ് ഫ്രഞ്ച് ഒാപ്പണും വിംബിൾഡണും നേടിയിട്ടുള്ള ലോക ഒന്നാം റാങ്കുകാരിയായിരുന്ന ഗാർബിൻ മുഗുരുസ ഇത്തവണ 32-ാം റാങ്കുകാരിയാണ് മെൽബണിൽ മത്സരിക്കാനിറങ്ങിയത്. 2010 ൽ ജസ്റ്റിൻ ഹെനിന് ശേഷം ആസ്ട്രേലിയൻ ഒാപ്പണിന്റെ ഫൈനലിൽ ഇടംനേടുന്ന സീഡിംഗ് ഇല്ലാത്ത ആദ്യ താരമാണ് മുഗുരുസ.