tovino

വയനാട്: മാനന്തവാടി മേരി മാതാ കോളേജിലെ വേദിയിൽ വിദ്യാർത്ഥിയെ കൂവിപ്പിച്ച സംഭവത്തിൽ നടൻ ടൊവിനോ തോമസിനെതിരെ നടപടയെടുക്കണമെന്ന് കെ.എസ്.യു. സംഭവവുമായി ബന്ധപ്പെട്ട് നാളെ പൊലീസിൽ പരാതി നൽകുമെന്നും കെ.എസ്‍.യു അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം.

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ ടൊവിനോ സംസാരിക്കവെ ഒരു വിദ്യാർത്ഥി കൂവുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. എന്നാൽ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്.

വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും വേദിയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. നാളെ എസ്‌.പിക്ക് പരാതി നൽകാനാണ് കെ.എസ്‍.യുവിന്റെ തീരുമാനം.