തിരുവനന്തപുരം: ഇന്നത്തെ ബഡ്ജറ്റിൽ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനം. അത്തരത്തിൽ ഒരു പ്രഖ്യാപനമുണ്ടായാൽ അത് സംസ്ഥാനത്തിന്റെ തന്നെ വികസനത്തിന് വഴി തുറക്കുമെന്നത് ഉറപ്പാണ്.
നേമത്ത് പുതിയ കോച്ചിംഗ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി അനുബന്ധ സൗകര്യങ്ങൾ വരണം, കൊച്ചിയിലെ നിലവിലെ ടെർമിനലിൽ കൂടുതൽ സൗകര്യം ഉണ്ടാകണം- വേണ്ടത് ഇതൊക്കെയാണ്. കൂടുതൽ ട്രെയിനുകൾ സെൻട്രൽ സ്റ്റേഷൻ പിന്നിട്ട് തെക്കോട്ട് സർവീസ് നടത്തണമെങ്കിൽ നേമത്തിന്റെ വികസനം അനിവാര്യമാണ്. കഴിഞ്ഞ മാർച്ചിൽ നേമത്ത് റെയിൽവേ വികസനത്തിന് തുടക്കമിട്ട് കോച്ചിംഗ് ടെർമിനലിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു.
നേമത്തെ റെയിൽവേ വികസനത്തിനായി ഭൂമി വിട്ടുനൽകിയവരുൾപ്പെടെയുള്ളവരുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് അന്നു മുതൽ ശുഭപ്രതീക്ഷ കൈവന്നത്. അത് ലക്ഷ്യത്തിലെത്തണമെങ്കിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം കനിഞ്ഞേ പറ്റൂ.
തിരുവനന്തപുരത്തിന്റെ ഔട്ടർ എന്നറിയപ്പെടുന്ന നേമം റെയിൽവേ സ്റ്റേഷനിൽ വികസന പദ്ധതികൾ നടപ്പിലായാൽ തിരുവനന്തപുരം-കന്യാകുമാരി റൂട്ടിലെ മറ്റ് പല സ്റ്റേഷനുകൾക്കും മെച്ചമുണ്ടാവും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പരിമിതികൾക്ക് പരിഹാരമാവുകയും ചെയ്യും.
തമ്പാനൂരിൽ യാത്ര അവസാനിക്കുന്ന ട്രെയിനുകൾ നേമം വരെ നീട്ടുക, അറ്റകുറ്റപ്പണികളും കോച്ച് വൃത്തിയാക്കലും നേമത്തേക്ക് മാറ്റിയാൽ സെൻട്രൽ സ്റ്റേഷനിലെ ട്രെയിനുകളുടെ തിരക്ക് മാറിക്കിട്ടുകയും പ്ലാറ്റ്ഫോം ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. നേമം ടെർമിനലിന്റെ ആദ്യഘട്ടത്തിൽ നിലവിൽ റെയിൽവേ ഏറ്റെടുത്തിട്ടുള്ള ഭൂമിയിലാണ് പണി തുടങ്ങുക.
രണ്ട് പ്ലാറ്റ്ഫോമുകൾ, പ്ലാറ്റ്ഫോം ഷെൽട്ടർ, ട്രാക്ക്, ഫുട്ട് ഓവർ ബ്രിഡ്ജ് എന്നിവ നിർമ്മിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നത്. അഞ്ച് സ്റ്റേബിളിംഗ് ലൈനുകൾ, ഒരു ഷണ്ടിംഗ് നെക്ക് എന്നിവയാണ് ടെർമിനലിന്റെ ആദ്യഘട്ടത്തിലുൾപ്പെടുന്നത്. നേമത്ത് ടെർമിനൽ യാഥാർത്ഥ്യമായാൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി എന്നിവയ്ക്കുപുറമേ മൂന്നാമത്തെ കോച്ചിംഗ് ടെർമിനലായി നേമം മാറും. ടെർമിനൽ പൂർത്തിയാക്കുന്നതിനായി 7.18 ഹെക്ടർ ഭൂമിയാണ് വേണ്ടത്. അതിൽ റെയിൽവേ നേരത്തേ ഏറ്റെടുത്ത ഭൂമിക്കുപുറമേ രണ്ടര ഹെക്ടർ സ്വകാര്യഭൂമി ആവശ്യമുണ്ട്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 148.32 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 77.3 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
പാതയിരട്ടിപ്പിക്കൽ തെക്കോട്ടു നീളുമോ?
തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ വഴി കടന്നു പോകുന്ന റെയിൽവേ പാത ഇരട്ടിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്ഥലമേറ്റെടുക്കലിൽ സംസ്ഥാനം കാണിക്കുന്ന മെല്ലെപോക്കാണ് ഇത്തരം വികസനത്തിന് കാലതമാസമുണ്ടാകാൻ പ്രധാന കാരണം. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ട്രെയിൻ സർവീസ് കൂടുതൽ ലഭിക്കുന്നതിനും പാതയിരട്ടിപ്പിക്കൽ ആത്യാവശ്യമാണ്.
കൊച്ചുവേളിയെ വീണ്ടും മറക്കുമോ?
തിരുവനന്തപുരത്തിന്റെ രണ്ടാം ടെർമിനലായ കൊച്ചുവേളിയെ കേന്ദ്ര ബഡ്ജറ്റുകൾ നിരന്തരമായി മറന്നുകൊണ്ടിരിക്കുന്നത് ഇത്തവണയും ആവർത്തിക്കുമോ എന്ന് ഇന്നറിയാം. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് പ്ലാറ്റ് ഫോം മെയിന്റനൻസ് പിറ്റ് ലൈനുകളില്ലാത്തതിനാൽ ഗതാഗതവും മെയിന്റനൻസും അവതാളത്തിലായിരിക്കുകയാണ്.
ദീർഘദൂരം ഉൾപ്പെടെ ദിവസം ശരാശരി എട്ട് സർവീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റു ചെയ്യുന്നത്. അത്രയും തന്നെ എണ്ണം നിത്യേന ഇവിടെ എത്തിച്ചേരുന്നുമുണ്ട്. വരുന്ന ട്രെയിനുകൾ കഴുകാനും കോച്ച് മെയിന്റനൻസിനും ആവശ്യമായ പാളങ്ങൾ ഇവിടെയില്ല. അതിനാൽ യാത്രക്കാരെ ഇറക്കിശേഷം കടയ്ക്കാവൂർ, വർക്കല, പരവൂർ റെയിൽവേ സ്റ്റേഷനുകളിലെത്തിച്ച് സൂക്ഷിക്കും. പുറപ്പെടേണ്ടതിന് തൊട്ടുമുമ്പായി ഇവിടെ എത്തിച്ച് മെയിന്റനൻസ് നടത്തി വെള്ളം നിറച്ച് പുറപ്പെടുകയാണ് ഇപ്പോഴത്തെ രീതി. കൊച്ചുവേളിയെ വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിന് രണ്ടര വർഷം മുമ്പ് രൂപം നൽകിയെങ്കിലും നിർദ്ദേശിച്ച പദ്ധതികളൊന്നും നടപ്പാക്കാൻ റെയിൽവേക്കായില്ല. ആറ് പ്ലാറ്റ് ഫോം ലൈനാണ് നിർദ്ദേശിച്ചത്. നിലവിൽ നാല് ലൈനുകളേയുള്ളൂ.
രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളിൽ ഓരോ ലൈൻ കൂടി സ്ഥാപിച്ചാൽ ഈ ലക്ഷ്യം സാധിക്കാം. എന്നാൽ റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ല.മെയിന്റനൻസിനായി 5 ലൈനുകൾ വേണമെന്നായിരുന്നു നിർദ്ദേശം.കൊച്ചുവേളിയിലെ ട്രെയിനുകൾക്ക് പുറമേ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള കേരള എക്സ് പ്രസ്, കണ്ണൂർ എന്നിവ കൂടി മെയിന്റനൻസ് ചെയ്യുന്ന ഇവിടെ മൂന്ന് ലൈനുകളാണ് മെയിന്റനൻസിനുള്ളത്. സർവീസ് കഴിഞ്ഞെത്തുന്ന ട്രെയിനുകൾ നിറുത്തിയിടാനുള്ള സ്റ്റേബ്ളിംഗ് ലൈൻ മൂന്നെണ്ണമേയുള്ളൂ. ഇതിനാലാണ് ട്രെയിനുകൾ സൂക്ഷിക്കാൻ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നത്.