തിരുവനന്തപുരം: അനന്തപുരിക്ക് ഉടയോനായ ശ്രീപദ്മനാഭന്റെ കൺമുന്നിലാണ് അധികൃതരുടെ ഈ തോന്ന്യാസം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയ്ക്കു മുന്നിലെ റോഡ് ഇപ്പോൾ ഉഴുതു മറിച്ച പാടം പോലെ കിടക്കുകയാണ്. വെട്ടിമുറിച്ച കോട്ടമുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെ ഇതാണ് അവസ്ഥ. ബുദ്ധിമുട്ടുന്നത് ഇതുവഴി കടന്നു പോകുന്ന യാത്രക്കാരാണ്. തിരക്കേറിയ ഈ റോഡിലേക്ക് കടന്നാൽ കുണ്ടും കുഴിയും സ്ലാബുകളുമൊക്കെ കടന്നു കിട്ടണമെങ്കിൽ ഭാഗ്യം കൂടി വേണം.
കണ്ണൊന്ന് തെറ്റിയാൽ കുഴിയിൽ വീണ് നടുവൊടിയും . കാൽനടക്കാർക്കാണെങ്കിൽ കുഴികൾ ചാടിക്കടന്നുവേണം പോകാൻ. വിവിധ ജോലികൾക്കായാണ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ പണികളൊന്നും പൂർത്തിയായിട്ടില്ല. കെ.എസ്.ഇ.ബി ലൈനുകൾ, ടെലിഫോൺ കേബിളുകൾ എന്നിവ ഭൂമിക്കടിയിലേക്കു മാറ്റുന്ന പണിയാണ് ഏകദേശമെങ്കിലും പൂർത്തിയായത്. ഇനി വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ മാറ്റാനുണ്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിനു മുമ്പായി പണി പൂർത്തിയാക്കുമെന്ന് പറഞ്ഞ കരാറുകാർ ആ വാക്ക് മാറ്റി ലക്ഷദ്വീപത്തിനു മുമ്പേ പൂർത്തിയാക്കാമെന്നാക്കി. അതും നടന്നില്ല.കേന്ദ്ര സർക്കാരിന്റെ 'സ്വദേശി ദർശൻ" പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. ഈ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് നാളെ ഒരു വർഷവും രണ്ടാഴ്ചയും പിന്നിടുന്നു.
വടക്കേനടയിൽ മാത്രമാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. പടിഞ്ഞാറെനടയിലെ കൽപ്പാത പൂർത്തിയാക്കിയെങ്കിലും റോഡുകളുൾപ്പെടെയുള്ളവയുടെ നിർമ്മാണം ബാക്കിയാണ്. കിഴക്കേനടയിലും നിർമ്മാണം പൂർത്തിയായിട്ടില്ല. തെക്കേനടയിൽ നിർമ്മാണത്തിന്റെ ആദ്യഘട്ടമായി റോഡ് വെട്ടിപ്പൊളിച്ചിട്ടപ്പോൾ ജൂലായിൽ മഴയെത്തി. മഴ മാറിയാൽ എല്ലാം ശരിയാക്കാമെന്നായിരുന്നു അന്ന് അധികൃതരുടെ വാഗ്ദാനം.
എത്രനാൾ കാത്തിരിക്കണം
'സ്വദേശി ദർശൻ" പദ്ധതിയിലൂടെയുള്ള നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ പ്രശ്നങ്ങളുമുണ്ടായി. മഴക്കാലത്ത് ഇവിടം അലങ്കോലമായപ്പോൾ അല്പം ക്ഷമിച്ചേ മതിയാകൂ എന്നാണ് അധികൃതർ പറഞ്ഞത്. പക്ഷേ ജനം ക്ഷമിച്ചു തുടങ്ങിയിട്ട് ഒരു വർഷമായി. ഇനിയും എത്രനാൾ ക്ഷമിക്കേണ്ടിവരുമെന്ന് ആർക്കുമറിയില്ല.
തെക്കേനട വികസനം -20.59 കോടി രൂപ
വടക്കേനട വികസനം - 11.84 കോടി രൂപ
കിഴക്കേനട വികസനം- 18.66 കോടി രൂപ
പടിഞ്ഞാറെ നട വികസനം 24.78 കോടി രൂപ
റോഡ് വികസനത്തിന് മേൽനോട്ടം വഹിക്കുന്ന സിൽക്ക് എന്ന ഏജൻസിയോട് പണി അടിയന്തരമായി പൂർത്തീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകൾ തമ്മിലുള്ള സാങ്കേതിക പ്രശ്നമാണ് കാരണമായി അവർ പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലാത്തതിനാൽ മാർച്ച് വരെ സമയ പരിധി നീട്ടി നൽകി."" -ആർ. സനിൽ കുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് എൻജിനിയർ.