തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള തലസ്ഥാനത്തെ പ്രൗഢ കലാലയത്തിന് പുതിയ ലൈബ്രറി മന്ദിരം. വിക്ടോറിയൻ ശൈലിയിലുള്ള യൂണിവേഴ്സിറ്റി കോളേജിന്റെ പൈതൃകത്തനിമ നിലനിറുത്തിക്കൊണ്ടായിരിക്കും പുതിയ ലൈബ്രറി ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബ്ലോക്കിന്റെ നിർമ്മാണം.
1866 ൽ സ്ഥാപിതമായ കലാലയത്തിൽ വിവിധ വകുപ്പുകളിലായുള്ള ഒന്നര ലക്ഷത്തിലധികം അപൂർവ പുസ്തകങ്ങളുടെ ശേഖരവും ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ഉപകരണവും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പുതിയ മന്ദിര നിർമ്മാണത്തിലൂടെ കഴിയും.
സാങ്കേതിക മികവോടെ 1927 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന കെട്ടിടത്തിന് ഭൂഗർഭ നില ഉൾപ്പെടെ നാല് നിലകളുണ്ടാകും. നിലവിലുള്ള ചെറിയ കെട്ടിടത്തിന്റെ വിക്ടോറിയൻ ശൈലിയിലുള്ള പ്രൗഢ ഗംഭീര മുൻഭാഗം നിലനിറുത്തിക്കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും വിശാലമായ ലൈബ്രറി, അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സൗകര്യം, സ്റ്റാഫ് റൂം മുതലായവയും രണ്ടാം നിലയിൽ സെമിനാർ ഹാൾ, സ്റ്റാഫ് റൂം, കോൺഫറൻസ് ഹാൾ, ലൈബ്രറി എന്നിവയും ഭൂഗർഭ നിലയിൽ സ്റ്റോർ റൂമുമാണ് സജ്ജീകരിക്കുക. വിശാലമായ ലോബി, ഇടനാഴി, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പ്രത്യേക ശൗചാലയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമ്മാണം പൂർത്തിയാകുമ്പോൾ അമൂല്യ പുസ്തക ശേഖരം സംരക്ഷിക്കാനും ഡിജിറ്റൽ ലൈബ്രറിയുടെ പ്രയോജനം സമൂഹത്തിൽ എത്തിക്കാനും സാധിക്കും.ശാസ്ത്ര ഗവേഷണങ്ങൾക്കു വേണ്ട ആത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കും. ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ് അങ്കണത്തിൽ നിർവഹിച്ചു.
നിർമ്മാണച്ചുമതല പൊതുമരാമത്ത് വകുപ്പിന്
കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിലെ പ്രത്യേക കെട്ടിട വിഭാഗത്തിന്റെയും ആർക്കിടെക്ചറൽ വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ നടക്കും. വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗവും, സ്ട്രക്ടചറൽ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗവുമാണ് തയ്യാറാക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ, ലിഫ്റ്റ് മുതലായവ ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് പ്രവൃത്തികൾ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗവുമാണ് നിർവഹിക്കുന്നത്. 9.35 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരം ഒന്നര വർഷത്തിനകം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് സമർപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.