തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടുനിന്ന അശീതി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിൽ ഒന്നെന്ന് ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളോട് സംസാരിക്കുന്നതിലും വലിയ മറ്റൊരു കാര്യമില്ല. വിദ്യാഭ്യാസം ഒരാളെ നല്ല മനുഷ്യനാക്കും. നല്ല മനുഷ്യർ ഉണ്ടെങ്കിലേ നല്ല രാജ്യവും ഉണ്ടാകൂ. ജീവിതത്തിൽ എല്ലാവരും വിദ്യാർത്ഥികളാണ്. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ നിന്ന് നല്ല പാഠങ്ങൾ ഇപ്പോൾ കുട്ടികൾക്ക് കിട്ടുന്നില്ല. വിദ്യാർത്ഥികൾ സമൂഹത്തെ കൂടുതൽ അറിഞ്ഞ് വേണം വളരാനെന്നും ഗവർണർ പറഞ്ഞു.
അശീതി സ്മരണികയുടെയും ഡിജിറ്റൽ മാഗസിന്റെയും പ്രകാശനം ഗവർണർ നിർവഹിച്ചു. അശീതി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, ആർട്ട് ഗാലറി എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് നിർവഹിച്ചു.
വി.കെ.പ്രശാന്ത് എം.എൽ.എ, പ്രിൻസിപ്പൽ ഫാ.ഡോ.സി.സി.ജോൺ, റവ.ഡോ.വർക്കി ആറ്റുപുറത്ത്, കൗൺസിലർ വി.എസ്.ത്രേസ്യാമ്മ, റവ.ഡോ.ജോൺ പടിപ്പുരയ്ക്കൽ, ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി.ടി.എ.പ്രസിഡന്റ് ഷാജിമോൻ കുര്യാത്തി തുടങ്ങിയവർ സംസാരിച്ചു.