മലപ്പുറം: പി.എസ്.സി പരീക്ഷ എഴുതാൻ കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷയ്ക്ക് ഹാജരാവാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം പി.എസ്.സിക്ക് ലാഭമായി. പ്രൊഫൈൽ ബ്ലോക്ക് ഭയന്ന് കൺഫർമേഷൻ നൽകാതെ ഒഴിയുന്നവരുടെ എണ്ണം കൂടുന്നതാണ് കാരണം. ഇതുവഴി പരീക്ഷാ നടത്തിപ്പ് ചെലവ് കുറയും.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെ.എ.എസ്) 5,76,243 പേർ അപേക്ഷിച്ചപ്പോൾ 4,01,379 പേരാണ് കൺഫർമേഷൻ നൽകിയത്. 1,74,864 അപേക്ഷകൾ അസാധുവായി. ഒരു ഉദ്യോഗാർത്ഥിക്ക് വേണ്ടി 150 രൂപ വരെ ചെലവുണ്ടെന്നിരിക്കെ,ശിക്ഷാ മുന്നറിയിപ്പിലൂടെ പി.എസ്.സിക്ക് ഈ പരീക്ഷയിൽ മാത്രം വലിയൊരു തുക ലാഭിക്കാനായി.
ഫെബ്രുവരി മുതലുള്ള പരീക്ഷകളിലാണ് പ്രൊഫൈൽ ബ്ലോക്ക് നടപ്പാക്കുന്നത്. നിരവധി പരീക്ഷകൾ നടക്കുന്ന വർഷമാണിതെന്നതിനാൽ നടപടി സാമ്പത്തികമായി പി.എസ്.സിക്ക് ഏറെ ഗുണകരമാവും.
അതേസമയം പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നതിലും തുടർനടപടികളിലും വ്യക്തമായ മാർഗരേഖ പി.എസ്.സി പുറത്തിറക്കാത്തത് ഉദ്യോഗാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നു. ന്യായമായ കാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാത്തവർ ഇക്കാര്യം ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസങ്ങളിൽ നിശ്ചിത രേഖകൾ സഹിതം പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകിയാൽ ശിക്ഷാനടപടിയിൽ നിന്നൊഴിവാക്കുമെന്നാണ് കമ്മിഷന്റെ അറിയിപ്പ്.
വലിയ പരീക്ഷകൾ വരുന്നു
ജൂണിൽ പ്രതീക്ഷിക്കുന്ന എൽ.ഡി ക്ലാർക്ക് പരീക്ഷയ്ക്ക് 17,58,338 പേർ അപേക്ഷിച്ചിട്ടുണ്ട്.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷാ വിജ്ഞാപനം ഉടനിറങ്ങും.
കഴിഞ്ഞ തവണ 8.54 ലക്ഷം പേർ അപേക്ഷിച്ചിരുന്നു.
മാർഗരേഖ വേണം
ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പരീക്ഷാ കൺട്രോൾ വിഭാഗത്തിന് മാർഗരേഖ ലഭിച്ചിട്ടില്ല.
പല പരീക്ഷകളും കൺഫർമേഷൻ നൽകി മാസങ്ങൾക്ക് ശേഷമാവും നടക്കുക. ഒ.എം.ആർ വാല്യുവേഷന് ശേഷമേ പരീക്ഷ എഴുതിയോയെന്നത് തിരിച്ചറിയാനാവൂ. ഇതിനിടയിൽ മറ്റ് പരീക്ഷകൾക്ക് ഹാജരായേക്കാം. ഓൺലൈൻ പരീക്ഷകളിൽ തൊട്ടടുത്ത ദിവസം ബ്ലോക്ക് ചെയ്യാനാകും.
പരീക്ഷാ ചെലവ്
200 പേർക്കുള്ള പരീക്ഷാ സെന്ററിന് വാടക, ഇൻവിജിലേറ്റർമാരുടെ പ്രതിഫലം, സ്റ്റേഷനറി, വൈദ്യുതി എന്നിവയ്ക്കായി 9,000 രൂപ നൽകണം. ചോദ്യപേപ്പർ, ഒ.എം.ആർ, പി.എസ്.സി ഉദ്യോഗസ്ഥരുടെ ചെലവ്, വാഹന വാടകയടക്കം 150 രൂപ വരെ ഒരു പരീക്ഷാർത്ഥിക്കായി ചെലവുണ്ട്.
പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ ലഭിക്കേണ്ടതുണ്ട്. പുതിയ രീതിയിലെ പരീക്ഷകൾ വിലയിരുത്തിയ ശേഷമാവും കമ്മിഷൻ ഇക്കാര്യം പരിഗണിച്ചേക്കുക.
- ഗീത, പരീക്ഷാ കൺട്രോളർ
അപ്രതീക്ഷിതമായ പല കാരണങ്ങളും രേഖകൾ സഹിതം ബോധിപ്പിക്കാൻ കഴിയണമെന്നില്ല. എൽ.ഡി ക്ലാർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പലരും പ്രൊഫൈൽ ബ്ലോക്കാവുമെന്ന് പേടിച്ച് കെ.എ.എസിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
-ഉദ്യോഗാർത്ഥികൾ