മലപ്പുറം:കടുത്ത ട്രഷറി നിയന്ത്രണം കാരണം തദ്ദേശസ്ഥാപനങ്ങളിലെ വികസനപ്രവർത്തനങ്ങൾ അവതാളത്തിലായി.
32,747 ബില്ലുകളിലായി 883.09 കോടി രൂപയാണ് ഇന്നലെ വരെ ട്രഷറികളിൽ പാസാകാതെ കിടക്കുന്നത്. ഇതിൽ 239.4 കോടി രൂപ മെയിന്റനൻസ് ഗ്രാന്റാണ്. ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ ഒക്ടോബർ 31 വരെ സമർപ്പിച്ച അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ പാസാക്കാമെന്ന് കഴിഞ്ഞ ദിവസം ട്രഷറി ഡയറക്ടർ ഉത്തരവിട്ടു. നേരത്തേ ഇത് ഒരുലക്ഷം രൂപ വരെയായിരുന്നു.
പുതിയ ഉത്തരവ് പഞ്ചായത്തുകളെ സഹായിക്കുമെങ്കിലും വലിയ തുകയുടെ ബില്ലുകളുള്ള ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷനുകൾ എന്നിവയ്ക്ക് ഗുണംചെയ്യില്ല.
നിർമ്മാണ പ്രവൃത്തികൾ കൂടുതലായും നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിലെ ബില്ലുകൾ നൽകേണ്ടെന്ന തീരുമാനം പുതിയ പദ്ധതികളിൽ നിന്ന് കരാറുകാരെ പിന്തിരിപ്പിക്കും. ഡിസംബർ 30നുള്ളിൽ 70 ശതമാനം പദ്ധതി വിഹിതം ചെലവാക്കണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിരുന്നു. എന്നാൽ ബില്ലുകൾ പാസാകുന്നതിലെ കാലതാമസം മൂലം പല പദ്ധതികളും പാതിവഴിയിലാണ്. കരാറുകാർ പുതിയവ ഏറ്റെടുക്കുന്നുമില്ല.
പദ്ധതിയിൽ പിന്നിൽ
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് 35.99 ശതമാനം തുകയേ ചെലവാക്കിയിട്ടുള്ളൂ. ട്രഷറികളിൽ സമർപ്പിച്ച ബില്ലുകളുൾപ്പെടെ 45.34 ശതമാനമാണ് നടപ്പു സാമ്പത്തികവർഷം പദ്ധതികൾക്കായി ചെലവാക്കിയത്. ഇനി മൂന്നുമാസം കൊണ്ടാണ് 55 ശതമാനം തുക ചെലവാക്കേണ്ടത്. 2019-20 സാമ്പത്തികവർഷത്തെ 6,883.07 കോടിയുടെ പദ്ധതികളിൽ പാസാക്കാത്ത ബില്ലുകളടക്കം 3,120.89 കോടിയാണ് ചെലവാക്കിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 60.85 ശതമാനം തുക ചെലവിട്ടിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് (ശതമാനത്തിൽ)
ഗ്രാമപഞ്ചായത്ത് - 39.71
ബ്ലോക്ക് പഞ്ചായത്ത് - 40.99
മുനിസിപ്പാലിറ്റി - 32.11
ജില്ലാപഞ്ചായത്ത് - 28.34
കോർപറേഷൻ - 28.66
ആകെ -35.99
ജില്ല തിരിച്ചുള്ള ചെലവ്
ഇടുക്കി - 39.25
കണ്ണൂർ - 38.83
വയനാട് - 38.06
ആലപ്പുഴ- 37.95
പത്തനംതിട്ട - 37.7
പാലക്കാട് - 37.23
കോഴിക്കോട് - 36.85
തൃശൂർ - 36.84
കൊല്ലം - 36.26
കോട്ടയം - 35.16
മലപ്പുറം - 34.86
തിരുവനന്തപുരം - 33.34
എറണാകുളം - 32.89
കാസർകോട് - 32.7