പെരിന്തൽമണ്ണ: നഗരസഭയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ പെൺപെരുമ എന്ന പേരിൽ നവവത്സരത്തലേന്ന് വനിതകളുടെ ആഘോഷക്കൂട്ടായ്മ സംഘടിപ്പിച്ചു. മനഴി സ്റ്റാന്റിൽ നിന്നാരംഭിച്ച റാലിക്ക് നഗരസഭ ഉപാദ്ധ്യക്ഷ നിഷി അനിൽരാജും വനിതാ കൗൺസിലർമാരും നേതൃത്വം നൽകി.
വിവിധ മേഖലകളിലുൾപ്പെട്ട വനിതകൾ അണിനിരന്നു. റാലി സംഗമിച്ച നഗരസഭാ ഹൈടെക് ഗ്രൗണ്ടിൽ വനിതാ കമ്മിഷൻ അംഗം പെൺപെരുമയുടെ രാവരങ്ങ് ഉദ്ഘാടനം ചെയ്തു. നിഷി അനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷൻ എം.മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി. പി.ടി ശോഭന, പ്രവാസി കൂട്ടായ്മ ഭാരവാഹി വി.കെ. ഷഹീജ, മാദ്ധ്യമ പ്രവർത്തക എൻ.പി.നിസ , ഡോ.കൊച്ചു എസ്. മണി, സി.ഡി.എസ് ചെയർപേഴ്‌സൺ എം.പ്രേമലത, നസീറ തുടങ്ങിയവർ പ്രസംഗിച്ചു. കലാപ്രകടനങ്ങൾ, മെഗാഷോ എന്നിവയും അരങ്ങേറി.