തിരൂരങ്ങാടി: നിരത്തിൽ അനിഷ്ട സംഭവങ്ങളില്ലാത്ത പുതുവത്സരരാവ് വിടപറഞ്ഞു. പുതുവത്സര ദിനത്തിൽ നടന്ന മോട്ടോർവാഹന വകുപ്പിന്റെ കർശന പരിശോധനയിൽ 145 കേസുകളിലായി 1, 75, 000 രൂപ പിഴ ഈടാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, നിയമവിരുദ്ധമായ ലൈറ്റുകൾ, അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ മുതലായവയുമായി റോഡിൽ ഇറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടി.ജി. ഗോകുലിന്റെ നിർദ്ദേശത്തെ തുടർന്ന് പുതുവത്സരദിനത്തിൽ ശക്തമായ പരിശോധന ഏർപ്പെടുത്തിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും വൈകിട്ടു മുതൽ തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു.
ശബരിമല തീർത്ഥാടന കാലമായതിനാൽ ദേശീയപാത ഇടിമുഴീക്കൽ മുതൽ ചങ്ങരംകുളം വരെ അയപ്പഭക്തർക്ക് യാത്ര സുഖമമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ജില്ലാ ആർ.ടി.ഒ ടി.ജി ഗോകുസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് സജീവമായി രംഗത്തുണ്ടായിരുന്നു. വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ പരിശോധന തുടരുമെന്ന് എൻഫോഴ്സ്‌മെന്റ്ആർടിഒ പറഞ്ഞു