news
.

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനങ്ങൾക്ക് കൃത്യമായ ദിശാബോധമേകുന്നതിന് നാലര കോടി രൂപ ചെലവിൽ സ്ഥാപിച്ച അത്യാധുനിക ഉപകരണമായ ഡി.വി.ഒ.ആർ (ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച്) ഇന്നുമുതൽ പ്രവർത്തനക്ഷമമാവും. പുലർച്ചെ 5.30 മുതൽ വിമാനങ്ങൾ വന്നിറങ്ങുന്നത് ഈ സംവിധാനത്തിന്റെ സഹായത്തോടെയാവും. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് സി.എൻ.എസ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. ബാനർജി നിർവഹിക്കും. 95ൽ സ്ഥാപിച്ച ജി.സി.ഇ.എൽ ഉപകരണത്തിന് പകരമാണ് പുതിയ ഉപകരണം സ്ഥാപിച്ചത്. എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്.

കൊറിയൻ നിർമ്മിതമായ മോപ്പിയെൻസ് ഡി.വി.ഒ.ആറും കനേഡിയൻ നിർമ്മിതമായ ഡി.എം.ഇയും(ഡിസ്റ്റൻസ് മെഷർമെന്റ് എക്യുപ്പ്‌മെന്റ്) ചേർന്നതാണ് പുതിയ സംവിധാനം. വിമാനങ്ങൾക്ക് എയർപോർട്ടിൽ നിന്നുള്ള ദൂരം, പറക്കുന്ന വിമാനങ്ങൾ തമ്മിലുള്ള അകലം, ലാൻഡിംഗ് ഡിഗ്രി എന്നിവ കൃത്യമായി അറിയാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിമാനത്തിൽ ഘടിപ്പിച്ച സമാന രീതിയിലുള്ള ഉപകരണവുമായി ചേർന്നാണ് സംവിധാനം പ്രവർത്തിക്കുക. ഇതിൽ നിന്നുള്ള വിവരങ്ങൾ വഴി വിമാനങ്ങൾക്ക് കൃത്യമായി താവളത്തിൽ വന്നിറങ്ങാനാവും. കോഴിക്കോടിന് മുകളിലൂടെ പറക്കുന്ന മറ്റു വിമാനങ്ങൾക്കും സംവിധാനം സഹായകമാകും. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് റൺവേയിൽ ബേസിക് സ്ട്രിപ്പിന് പുറത്താണ് ഇതിനായി പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.

എന്താണ് ഡി.വി.ഒ.ആർ ഉപകരണം

 വി.എച്ച്.എഫ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് വിമാനത്താവളത്തിൽ നിന്ന് 300 കിലോമീറ്റർ ദൂരം വരെ സിഗ്നൽ നൽകാൻ കഴിവുണ്ട്.

 വിമാനങ്ങൾക്ക് എയർപോർട്ടിലേക്കുള്ള ദിശ ഡി.വി.ഒ.ആർ നൽകുമ്പോൾ എയർപോർട്ടിൽ നിന്ന് വിമാനത്തിലേക്കുള്ള ദൂരം ഡി.എം.ഇയും നൽകും.

 വിമാനത്തിൽ ഘടിപ്പിച്ച റിസീവർ ഉപയോഗിച്ച് പൈലറ്റിന് വിമാനത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ സാധിക്കും.