kalampattu
പ്രഭാകരൻ നെടുങ്ങാടിയുടെ പറമ്പിൽ നിന്നും ക്ഷേത്രത്തിലേക്ക് മുള മുറിച്ചുകൊണ്ടുപോവുന്നു

നിലമ്പൂർ: ചരിത്രപ്രസിദ്ധമായ നിലമ്പൂർ വലിയം കളംപാട്ടിനായുള്ള ഒരുക്കങ്ങൾ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ തുടങ്ങി. ഞായറാഴ്ച പുലർച്ചെ നടക്കുന്ന കൂറയിടൽ ചടങ്ങിനായുള്ള കൊടിമുള ഇത്തവണയും കൊണ്ടുപോയത് മേലേതൊടിക പ്രഭാകരൻ നെടുങ്ങാടിയുടെ പറമ്പിൽ നിന്നാണ്. 30 ാം തവണയാണ് കൊടിമുള ഇദ്ദേഹത്തിന്റെ പറമ്പിൽ നിന്നും കൊണ്ടുപോകുന്നത്. നേരത്തെ തിരഞ്ഞെടുക്കുന്ന ഗുണനിലവാരമുള്ള മുള ക്ഷേത്രജീവനക്കാരുടെ നേതൃത്വത്തിൽ തൊഴിലാളികളെത്തി മുറിച്ച് കൊണ്ടുപോവുകയാണ് പതിവ്. എല്ലാ തവണയും ധനു 17 നാണ് മുള മുറിക്കുന്നത്. 32 കമ്പുള്ള മുളയാണ് ഇത്തവണ മുറിച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പ്രഭാകരൻ നെടുങ്ങാടി ജോലിക്കിടെ ആനമറിയിൽ നിന്നും കൊണ്ടു വന്ന വിത്തിട്ടാണ് മുളങ്കൂട്ടം വളർത്തിയത്. ചാലിയാർ പുഴയ്ക്കു കരയിലായതിനാൽ കരയിടിച്ചിൽ തടയാനും ഇത് സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് മുളങ്കൂട്ടം വളർത്തിയത്. പിന്നീട് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലേക്ക് പാട്ടുത്സവത്തിനായി കൊണ്ടുപോയിത്തുടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ പറമ്പിലും വീട്ടിലും വെള്ളം കയറി ഏറെ നാശനഷ്ടങ്ങളുണ്ടായെങ്കിലും മുളങ്കൂട്ടം മാത്രം നശിച്ചില്ലെന്ന് പ്രഭാകരൻ നെടുങ്ങാടി പറഞ്ഞു.