പൊന്നാനി: സിനിമയിലെ ജാതീയത ചോദിച്ചും പറഞ്ഞും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറം ചൂടുള്ള ചർച്ചകൾക്ക് വേദിയായി. പൗരത്വം, അതിർത്തി, വിഭജനം, സിനിമ എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു.
ചാതുർവർണ്യത്തെ തിരിച്ചു കൊണ്ടുവരികയെന്നതാണ് സംഘപരിവാറിന്റെ അണ്ടൻഡയെന്ന് കമൽ പറഞ്ഞു. ബഹുസ്വരതയ്ക്ക് ചാതുർവർണ്യത്തെ തടയാനുള്ള ശേഷിയുണ്ട്. രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള മുന്നോടിയായി ചലച്ചിത്ര പ്രവർത്തനത്തെ കാണാൻ സിനിമാക്കാർക്കാകണം. അജണ്ടകൾ നടപ്പിലാക്കുന്ന മേഖലയായി സിനിമയെ ഉപയോഗിച്ചവരുണ്ട്. സാഹിത്യത്തിലും കവിതയിലുമുണ്ടായ വിപ്ലവകരമായ മാറ്റം സിനിമയിലേക്ക് കൊണ്ടുവരാൻ പുതിയ തലമുറയിലെ സിനിമ പ്രവർത്തകർക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജാതിമേൽക്കോയ്മയിൽ സൃഷ്ടിച്ചെടുത്ത സാമാന്യ ബോധത്തെ പൊളിച്ചടുക്കാതെ സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ചലച്ചിത്ര നിരൂപകൻ വി.കെ ജോസഫ് പറഞ്ഞു. ജാതീയമായ സ്വത്വത്തെ അവതരിപ്പിച്ചാണ് ജാതി വിചാരങ്ങൾക്കെതിരെ പറയേണ്ടതെന്ന് സംവിധായകൻ സക്കറിയ പറഞ്ഞു.സംവിധായകൻ അഷ്‌റഫ് ഹംസ, ചലച്ചിത്ര നിരൂപകൻ പി.കെ. ശ്യാം കൃഷ്ണൻ, ചലച്ചിത്ര പ്രവർത്തകൻ കെ.സി ജിതിൻ, അമ്പിളി , ഷിനീഷ് കണ്ണത്ത് , ഷൈലജ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.