plastic
.

മലപ്പുറം: പ്ലാസ്റ്റിക്കിനെ പടികടത്താം,​ പക്ഷെ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ബദലെന്ത്?. കച്ചവടക്കാരുടെ ചോദ്യത്തിന് മുന്നിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരായ ജില്ലാ ശുചിത്വ മിഷനും കൃത്യമായ ഉത്തരമില്ല. പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ ലഭ്യതക്കുറവും വിലയും പ്ലാസ്റ്റിക് നിരോധനത്തിന് വിലങ്ങുതടിയാവുന്നത് തടയാൻ ബദൽ മാർഗ്ഗം തേടുകയാണ് ജില്ലാ ശുചിത്വ മിഷൻ. ആദ്യപടിയായി ജില്ലയിൽ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നവരെ സംഘടിപ്പിച്ച് ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനം നടത്താനാണ് തീരുമാനം. കുടുംബശ്രീയിൽ നിന്നും ​ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ഇതിനായി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ സാമ്പിൾ ജില്ലാ മലിനീകരണ നിയന്ത്രണ വിഭാഗത്തിന് കൈമാറി. കുറഞ്ഞ ചെലവിൽ തുണിസഞ്ചി അടക്കമുള്ള പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ കച്ചവട സ്ഥാപനങ്ങളിലും ചന്തകളിലും പ്ലാസ്റ്റിക് കവറുകളോട് മുഖം തിരിച്ചു തുടങ്ങിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് തുണിസഞ്ചി കൊണ്ടു വന്നിട്ടുണ്ടോയെന്നാണ് കച്ചവടക്കാർ ആദ്യം ചോദിക്കുന്നത്. കൊണ്ടുവന്നില്ലെങ്കിൽ 15ന് ശേഷം സഞ്ചിയുമായി വരണമെന്ന ഉപദേശവും. തുണിയിലും മറ്റും നിർമ്മിച്ച സഞ്ചികളിലാണ് സാധനങ്ങൾ നൽകുന്നത്.

നടപടി ശക്തമാക്കും.

തദ്ദേശ സ്ഥാപനങ്ങളോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും സമയപരിധിക്ക് ശേഷം പരിശോധന കർശനമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടക്കമുള്ള കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ടുപോവാൻ കച്ചവടക്കാരും നിർബന്ധിതരാവുന്നു. നിലവിൽ കച്ചവടക്കാർക്കെതിരെ പിഴ ഈടാക്കുന്നില്ലെങ്കിലും പരിശോധനയിൽ കടയിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകളും നിരോധിച്ച ഉത്പന്നങ്ങളും പിടിച്ചെടുക്കുന്നുണ്ട്. കവറുകൾക്ക് പകരം പേപ്പറിൽ പൊതിഞ്ഞു നൽകുന്ന രീതിയാണ് പലരും തുടരുന്നത്. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, വിപണനം, ഉപയോഗം എന്നിവയാണ് സർക്കാർ നിരോധിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്, പരിസ്ഥിതി ക്ലബ്ബുകൾ, ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്ലാസ്റ്റിക് വിരുദ്ധ സൗഹൃദച്ചങ്ങലകൾ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂളുകളെ പ്രകൃതി സൗഹൃദ പ്ലാസ്റ്റിക് രഹിത കാമ്പസായും പ്രഖ്യാപിക്കും. കുട്ടികൾ മുഖാന്തരം വീടുകളിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ മനുഷ്യ ചങ്ങലകളും നടത്തുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യമായി തുണി സഞ്ചി വിതരണവും നടത്തുന്നുണ്ട്.

പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ നിർ‌മ്മിക്കുന്നവരെ സംഘടിപ്പിക്കും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കും.

കമറുദ്ദീൻ,​ അസിസ്റ്റന്റ് കോർഡിനേറ്റർ ജില്ലാ ശുചിത്വ മിഷൻ