passing-out

മലപ്പുറം: സംസ്ഥാനത്ത് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ റിസർവ് ബറ്റാലിയൻ തണ്ടർബോൾട്ടിന്റെ 150 കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമാൻഡോകളുടെ പരിശീലനകാലവും ഇനി സർവീസായി പരിഗണിക്കും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ത്യ റിസർവ് ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്‌സും കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ ഇൻസർജൻസി ട്രെയ്‌നിംഗ് സ്‌കൂളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഡി.ഐ.ജി പി. പ്രകാശ് എന്നിവർ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഇൻഡോർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആലപ്പുഴ സ്വദേശി ആർ. സൂരജ്, ഔട്ട്‌ഡോർ വിഭാഗത്തിൽ മികവ് പുലർത്തിയ കണ്ണൂർ സ്വദേശി കെ. രഞ്ജിത്ത്, മികച്ച ഷൂട്ടർ ഇടുക്കി സ്വദേശി പി. അമൽരാജ്, ആൾറൗണ്ടറായി തിരഞ്ഞെടുത്ത വയനാട് സ്വദേശി പി.കെ. മുനീർ എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു. കമാൻഡോകൾക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമൻഡാന്റ് സി.വി. പാപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.