തിരൂർ: കേന്ദ്ര സ്ഥിതിവിവരപദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് മുഖേന രാജ്യവ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്ന് തിരുനാവായ ഗ്രാമപഞ്ചായത്തിൽ ചർച്ചകൾക്കായെത്തും.
ജനപ്രതിനിധികളുമായി നേരിൽ സംസാരിച്ചു സർവേക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറും നേരിട്ടെത്തുന്നത്. ജനങ്ങളിൽ എൻ.ആർ.സിയും സി.എ.എയും സംബന്ധിച്ച ഭീതിയും പ്രതിഷേധവും കണക്കിലെടുത്താണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കേന്ദ്ര സർവേയ്ക്ക് അനുമതി നിഷേധിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുനാവായ നാവാമുകുന്ദ സത്രം ഹാളിൽ വെച്ചാണ് കേന്ദ്ര സംഘം ജനപ്രതിനിധികളുമായി സംസാരിക്കുക. ജനങ്ങളും ജനപ്രതിനിധികളും നിസ്സഹകരിച്ചാൽ സർവ്വേ നടപടികൾ പൂർത്തീകരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി മുന്നോട്ടുപോവാനാണ് ഭരണസമിതിയുടെ തീരുമാനം.