muslim-league-demands-thi

മലപ്പുറം: പൗരത്വഭേദഗതി നിയമ വിശദീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോഴിക്കോട് വരുന്ന ദിവസം യൂത്ത് ലീഗ് നടത്താനിരുന്ന കരിമതിൽ (ബ്ലാക്ക് വാൾ) മുസ്ളിം ലീഗ് നേതൃത്വം ഇടപെട്ട് മാറ്റിവയ്പ്പിച്ചു. യൂത്ത് ലീഗ് നേതൃത്വം കോഴിക്കോട് ലീഗ് ഹൗസിൽ സമരപ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് ഈ നടപടി. സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ആ വലയിൽ ചാടാൻ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ളിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമിത് ഷാ പാർട്ടി പരിപാടിക്കാണ് വരുന്നതെന്നും അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഇന്നലെ മലപ്പുറത്ത് ചേർന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് നേതൃത്വം ഈ തീരുമാനമെടുത്തത്.

അമിത് ഷായുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ജനുവരി 15ന് കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് വെസ്റ്റ് ഹിൽ ഹെലിപ്പാട് വരെ കരിമതിൽ തീർക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. 35 കിലോമീറ്റർ നീളത്തിൽ ഒരുലക്ഷം പേരെ കറുത്ത വസ്ത്രമണിഞ്ഞ് അണിനിരത്താനാണ് ലക്ഷ്യമിട്ടത്. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച വലിയ ചർച്ചകൾ അരങ്ങേറിയതിന് പിന്നാലെയാണ് ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ.