sadya

മലപ്പുറം: കേരളത്തിലെ വീട്ടമ്മമാർക്ക് സ്വന്തം അടുക്കളയിൽ വച്ചുണ്ടാക്കുന്ന ഭക്ഷണം വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് വിളമ്പി നൽകാം. മാസം നല്ലൊരു വരുമാനവും നേടാം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ എത്‌നിക് ക്യുസിൻ പദ്ധതിയിലൂടെയാണ് വീട്ടമ്മമാരുടെ കൈപ്പുണ്യം വരുമാനമാർഗമാക്കി മാറ്റുന്നത്.

ഫെബ്രുവരിയോടെ സംസ്ഥാനത്ത് തുടക്കമാവുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 2,​134 വീടുകൾ രജിസ്റ്റർ ചെയ്തു. ഒന്നാംഘട്ടത്തിൽ 2,000 വീടുകൾ ഭാഗമാവും. 4,​000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാവും.

വീടുകൾ അധികൃതർ സന്ദർശിച്ച ശേഷമാണ് ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. വൃത്തിയിൽ ഭക്ഷണം നൽകാനാവുമോ എന്നതാണ് പ്രധാന മാനദണ്ഡം. സഞ്ചാരികളെ സ്വീകരിക്കേണ്ട വിധവും വീട്ടിൽ ഒരുക്കേണ്ട കാര്യങ്ങളെയും സംബന്ധിച്ച് സംരംഭകർക്ക് പരിശീലനം നൽകി. വെബ്സൈറ്റിലേക്ക് സംരംഭകരുടെ ഡാറ്റാ എൻട്രി നടക്കുകയാണ്. 145 തരം കേരളീയ ഭക്ഷണങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇതിലുൾപ്പെടാത്ത ഭക്ഷണം അധികൃതരുടെ അനുമതിയോടെ നൽകാം.

അധിക മുതൽമുടക്കില്ല

പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം വൃത്തിയോടെ തയ്യാറാക്കി നൽകുന്ന ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. വീടുകളിൽ അധിക സൗകര്യങ്ങൾ ഒരുക്കേണ്ടതില്ല. അടുക്കളയും ഭക്ഷണമുറിയും വൃത്തിയുള്ളതാവണം. ശുദ്ധമായ കുടിവെള്ളം ആവശ്യമെങ്കിൽ ബോട്ടിലുകളിലും നൽകണം. ടോയ്‌‌ലെറ്റ് ശുചിയുള്ളതാവണം. എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ വേണം. ഓൺലൈനായി 100 രൂപയടച്ചാൽ സർട്ടിഫിക്കറ്റ് നേടാനാവും.

എല്ലാം ഹൈടെക്
വെബ്സൈറ്റിൽ ഓരോ സംരംഭകർക്കും സ്വന്തമായി ഒരുപേജും ലോഗിൻ ഐഡിയുമുണ്ടാവും. വിഭവങ്ങളുടെ വില,​ അടുക്കള,​ ഭക്ഷണമുറിയുടെ ഫോട്ടോകൾ,​ സൗകര്യങ്ങൾ,​ ഫോൺ നമ്പർ,​ സമീപത്തെ വിനോദകേന്ദ്രങ്ങൾ, എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങളുണ്ടാവും. സഞ്ചാരികൾക്ക് തൊട്ടടുത്ത വീടുകൾ വേഗത്തിൽ കണ്ടെത്താൻ സൗകര്യമൊരുക്കും. പിന്നീട് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. മാ‌ർക്കറ്റിംഗിന് ടൂറിസം വകുപ്പിന്റെ സഹായമുണ്ടാവും.

എറണാകുളം (428), ആലപ്പുഴ (328), കോട്ടയം (175), കണ്ണൂർ (165), തിരുവനന്തപുരം (158) എന്നീ ജില്ലകളിലാണ് പദ്ധതിയിൽ അംഗമായ കൂടുതൽ വീടുകൾ. കുറവുള്ള പത്തനംതിട്ട (45), പാലക്കാട് (54) ജില്ലകളിൽ പ്രത്യേക കാമ്പെയിൻ നടത്തും.

കേരള ഭക്ഷണത്തെ ബ്രാൻഡാക്കാനും യഥാർത്ഥ കേരളീയ ജീവിതം സഞ്ചാരികൾക്ക് അനുഭവിച്ചറിയാനും ആവും. പരമ്പരാഗത ഭക്ഷണം സംബന്ധിച്ച് വിദേശ ടൂറിസ്റ്റുകളിൽ നിന്നടക്കം വലിയ തോതിൽ അന്വേഷണങ്ങളുണ്ട്. ഭക്ഷണമുണ്ടാക്കുന്നത് കാണാനും സൗകര്യമൊരുക്കും.

രൂപേഷ് കുമാർ‌,​ ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ ഒാർഡിനേറ്റർ.