പെരിന്തൽമണ്ണ: കീഴാറ്റൂരിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമ്മിക്കുന്ന പൂന്താനം സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തി അനിശ്ചിതാവസ്ഥയിൽ. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിക്ക് വിനയായതെന്നാണ് ആക്ഷേപം.
2017 നവംബർ 27ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഒരുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം കാര്യമായ പ്രവർത്തനം നടന്നില്ല. വിശാലമായ സ്റ്റേജ്, അണിയറകൾ, സ്വീകരണമുറി, വിശ്രമമുറി, ടോയ്‌ലറ്റ് സംവിധാനം മുകളിലത്തെ നിലയിൽ വിശാലമായ ഹാൾ എന്നിവയോടുകൂടിയ സാംസ്‌കാരിക നിലയത്തിന് 90 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. മലപ്പുറം നിർമ്മിതി കേന്ദ്രയ്ക്കാണ് നിർമ്മാണ ചുമതല. 20 ശതമാനം തുക മാത്രമേ ലഭിച്ചിട്ടുള്ളുവെന്നാണ് നിർമ്മിതികേന്ദ്ര അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ ബാക്കി തുക അനുവദിക്കാതെ നിർമ്മാണം നടത്താനാവില്ല എന്ന നിലപാടിലാണവർ.
നിർമ്മിതികേന്ദ്ര ചെയ്ത പ്രവൃത്തിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോഴും ബാക്കി പ്രവൃത്തി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നുണ്ട്. കീഴാറ്റൂർ പൂന്താനം സ്മാരക സമിതി സൗജന്യമായി അനുവദിച്ച 50 സെന്റ് സ്ഥലത്താണ് ടൂറിസം വകുപ്പ് സാംസ്‌കാരിക നിലയം നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ഭാരവാഹികളായ എൻ. നിധീഷ്, കെ. വികാസ് എന്നിവർ അധികൃതർക്ക് നിവേദനം നൽകി.