mla-collector

മലപ്പുറം: പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിലമ്പൂർ എം.എൽ.എ പി.വി.അൻവറിനെതിരെ ഗുരുതര ആരോപണവുമായി ജില്ലാ കളക്‌ടർ ജാഫർ മാലിക്. എം.എൽ.എ നേതൃത്വം നൽകുന്ന റീബീൽഡ് നിലമ്പൂർ കൂട്ടായ്മയ്ക്ക് പുനരധിവാസത്തിനായി സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ചെലവിട്ടു വാങ്ങാൻ ആവശ്യപ്പെട്ടെന്നും വഴിവിട്ട കാര്യങ്ങൾക്കാണ് അൻവർ നിർബന്ധിക്കുന്നതെന്നും ജില്ലാ കളക്ടർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതിനുപിന്നാലെ,​ പുനരധിവാസത്തിന് കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിന് കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് പി.വി.അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൗമൂഹിക മാദ്ധ്യമങ്ങളിലും ഇരുവരും കൊമ്പുകോർത്തു.

കളക്ടർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നെന്നാരോപിച്ച് പ്രളയബാധിതരായ ആദിവാസികൾക്കുള്ള വീട് നിർമ്മാണം എം.എൽ.എ തടഞ്ഞിരുന്നു. ചെമ്പൻകൊല്ലിയിൽ ഐ.ടി.ഡി.പി വാങ്ങിയ അഞ്ചേക്കറിൽ സ്വകാര്യബാങ്കിന്റെ സി.എസ്.ആർ സഹായത്തോടെ കളക്ടറുടെ നേതൃത്വത്തിലാണ് 34 വീടുകൾ നിർമ്മിക്കുന്നത്. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറ ആദിവാസി കോളനിക്കാരെ പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു എം.എൽ.എയുടെ പ്രതിഷേധം.

കളക്ടറുടെ ആരോപണങ്ങൾ

1- റീബിൽഡ് നിലമ്പൂരിന് സൗജന്യമായി സ്‌പോൺസർഷിപ്പിലൂടെ ഭൂമി ലഭിച്ചിട്ടുണ്ട്. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായമായ 10 ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം ഈടാക്കി ഈ ഭൂമി മുറിച്ചു നൽകാനാണ് എം.എൽ.എയുടെ ശ്രമം.

അഞ്ചു മാസമായിട്ടും ഒരുവീട് പോലും നിർമ്മിച്ചിട്ടില്ല. സർക്കാരുമായി പദ്ധതിക്ക് ബന്ധമില്ല.

2- ചളിക്കൽ കോളനിക്കാർക്കുള്ള വീട് നിർ‌മ്മാണം എം.എൽ.എ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണ്. ഭാവിയിൽ സി.എസ്.ആർ ഫണ്ടുകൾ ലഭിക്കാൻ തടസമാവും.

3- കവളപ്പാറക്കാർക്കാണ് ആദ്യം വീടുകൾ വാഗ്ദാനം ചെയ്തത്. തങ്ങളുടെ പഞ്ചായത്തിൽ നിന്ന് പുറത്ത് പോവാൻ വിസമ്മതിച്ചതോടെ ചളിക്കൽ കോളനിയെ പരിഗണിച്ചു.

അൻവറിന്റെ മറുപടി

1- പലയിടത്തായി ചെറിയ ഭൂമികളായി 12 ഏക്കറാണ് ലഭിച്ചത്. ഇതെങ്ങനെ മുറിച്ചുവിൽക്കും. കോടതിയിലിതിന് കളക്ടർ ഉത്തരം പറയേണ്ടിവരും. റീബിൽഡിന് സ്വന്തമായി ഒരുസെന്റ് ഭൂമി പോലുമില്ല. സ്പോൺസറെയും പ്രളയബാധിതരെയും കൂട്ടിയോജിപ്പിക്കുകയാണ് ദൗത്യം. പുനരധിവാസത്തിനായി ഐ.ടി.ഡി.പി വാങ്ങിയ അഞ്ചേക്കർ ഭൂമി സെന്റിന് 30,​000 രൂപയ്ക്ക് നൽകാമെന്ന് ഉടമ തന്നെ അറിയിച്ചിരുന്നു. ഇതാണ് കളക്ടർ 31,​000 രൂപയ്ക്ക് വാങ്ങിയത്. ഇതെല്ലാം വിജിലൻസ് അന്വേഷിക്കണം.

2- 33 ലക്ഷം രൂപ റീബിൽഡിന്റെ അക്കൗണ്ടിലുണ്ട്. റീബിൽഡിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ വീട് നിർമ്മാണം തുടങ്ങിയിട്ടുണ്ട്.


3- ചളിക്കൽ കോളനിയിൽ ഒരുവീട് പോലും തകർന്നിട്ടില്ല. കവളപ്പാറക്കാർ നേരിട്ടത് വലിയ ദുരന്തമാണ്. പ്രതിഷേധമെന്ന നിലയിൽ തടഞ്ഞ നിർമ്മാണം തുടരാൻ തടസമില്ലെന്ന് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.

റീബിൽഡ് ഇങ്ങനെ
പ്രളയാനന്തരം നിലമ്പൂരിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തുടങ്ങിയ കൂട്ടായ്മയാണ് റീബിൽഡ് നിലമ്പൂർ. പി.വി.അൻവർ എം.എൽ.എ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ രക്ഷാധികാരി മുസ്‌ലിം ലീഗിലെ പി.വി.അബ്ദുൾ വഹാബ് എം.പിയാണ്.

തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ ഞൗനൊരു അഹങ്കാരിയാണ്. മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരുദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്.

ജാഫർ മാലിക്ക്, ജില്ലാ കളക്ടർ

ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ രാഷ്ട്രീയക്കാരേക്കാൾ മോശമാണ് കളക്ടർ. പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കളക്ടർക്കെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

പി.വി.അൻവർ എം.എൽ.എ