നിലമ്പൂർ: കോവിലകത്തെ ഇഷ്ടദേവനായ വേട്ടെയ്ക്കൊരുമകൻ ക്ഷേത്രത്തിലെ വലിയകളം പാട്ടുത്സവ ചടങ്ങുകൾ ഭക്തിനിർഭരമായി. പണിമുടക്കു ദിനമായിട്ടും ക്ഷേത്രത്തിൽ നടന്ന സർവ്വാണി സദ്യയ്ക്കെത്തിയത് ആയിരങ്ങളാണ്. പതിവിനു വിഭിന്നമായി ഇലയിട്ടു വിളമ്പിയ സദ്യക്കായി കാത്തുനിന്നവരുടെ വരി കോവിലകം റോഡു വരെ നീണ്ടു. ഒറ്റ തവണയിൽ 900 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിൽ വിശാലമായ പന്തൽ ഇത്തവണ ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയിരുന്നു. കോവിലകം പ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ദിവസങ്ങൾക്കുമുൻപ് തന്നെ സദ്യക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. 100 പറ അരിയുടെ സദ്യയാണ് ഇത്തവണ തയ്യാറാക്കിയത്. ഏകദേശം 10000 ത്തോളം പേർക്കാണ് സർവ്വാണി സദ്യയിൽ ഭക്ഷണം വിളമ്പിയത്. വർഷത്തിലൊരിക്കൽ വേട്ടെയ്ക്കൊരുമകനെ കാണാനെത്തുന്ന ആദിവാസികൾക്ക് ഭക്ഷണം ഒരുക്കി നൽകുമെന്ന ഐതീഹ്യത്തിൽ നിന്നാണ് വലിയ കളംപാട്ടുത്സവ ദിനത്തിലെ സർവ്വാണി സദ്യയുടെ തുടക്കം. ദേവന്റെ പ്രസാദമായി കാണുന്ന ചോറ് ഉണക്കി സൂക്ഷിച്ച് ആദിവാസികൾ മരുന്നായി ഉപയോഗിച്ചിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്. പതിവുപോലെ സദ്യയ്ക്കു ശേഷം ഇവരുടെ പ്രതിനിധി അന്നം മതി മതിയെന്ന് പറയുന്ന ആചാരത്തോടെയാണ് ഇത്തവണയും സർവ്വാണി സദ്യയ്ക്ക് സമാപനമായത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.വൈകിട്ട് ക്ഷേത്രമുറ്റത്ത് ഡബിൾ തായമ്പകയും അരങ്ങേറി.