മലപ്പുറം: കോഴിക്കോട് ജില്ലയിൽ എച്ച്1 എൻ1 പടർന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറത്ത് മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ എച്ച്.1 എൻ 1 സംശയിക്കുന്ന ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.നേരത്തെ മറ്റൊരാളുടെയും സാമ്പിളെടുത്തിരുന്നു. ശ്വാസകോശ സ്രവത്തിൽ നിന്ന് വൈറസിന്റെ ജനിതകഘടന വേർതിരിച്ചെടുത്താണ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ട് അഞ്ചു ദിവസത്തിനകം ഇതു ചെയ്യാം. പുതുവർഷത്തിൽ ജില്ലയിൽ എവിടെയും എച്ച്.1 എൻ 1 റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷം മേയിൽ പാണ്ടിക്കാട് എ.ആർ ക്യാമ്പിലെ ആറ് പൊലീസുകാർക്ക് എച്ച്.1 എൻ.1 രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ സമീപകാലത്ത് കൂടുതൽ പേർക്ക് ഒന്നിച്ച് രോഗം സ്ഥീരികരിച്ചത് ഇവിടെയായിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാർക്ക് കൂട്ടത്തോടെ പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വൈറൽപനി
കുറയുന്നു
മുൻമാസങ്ങളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം ജില്ലയിൽ കുറവാണ്. ഒരാഴ്ച്ചക്കിടെ 7,267 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ശരാശരി ആയിരം പേരാണ് ഒരുദിവസമെത്തുന്നത്.
പനി സീസണുകളിലിത് 2,000ത്തിന് മുകളിൽ വരെ എത്താറുണ്ട്.
14 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. എടക്കര, കൊണ്ടോട്ടി, തൃപ്പനച്ചി എന്നിവിടങ്ങളിലാണിത്.
ഇൻഫ്ളുവൻസ വൈറസാണ് രോഗം പരത്തുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും.
രോഗം തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും രോഗവ്യാപനത്തിന് ഇടയാക്കുന്നത്.
പനിയും ചുമയും വന്നാൽ സ്വയംചികിത്സ നടത്തുന്നതും ശ്വാസംമുട്ടൽ അലർജിയാണെന്ന് തെറ്റിദ്ധരിക്കുന്നതും രോഗം മുർച്ഛിക്കാൻ ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
സമയത്ത് ചികിത്സ തേടുന്നതും മതിയായ വിശ്രമവും വഴി രോഗമുക്തി നേടാനാവും. അസുഖബാധിതനായ ആളിൽ നിന്ന് രണ്ടുമുതൽ ഏഴു ദിവസം വരെ ഇതു പകർന്നേക്കാം.
ർ
ലക്ഷണങ്ങൾ
പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച തുടങ്ങിയവാണ് പ്രധാന ലക്ഷണങ്ങൾ.
ചുമയും കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം.
വയറിളക്കവും ഛർദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം.