മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് 10,834 പേർക്ക് അവസരം. അപേക്ഷകരുടെ നറുക്കെടുപ്പ് കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിന് പുറമേ കൊച്ചിയിലും കണ്ണൂരിലും പാസ്‌പോർട്ടുകൾ സ്വീകരിക്കാൻ ഇത്തവണ സംവിധാനമുണ്ടാവും.
70 വയസിന് മുകളിലുള്ള 1,095 അപേക്ഷകർക്കും പുരുഷൻമാരില്ലാതെ സ്ത്രീകളുടെ സംഘമായി തീർത്ഥാടനത്തിന് അവസരം ലഭിച്ച 45 വയസ് കഴിഞ്ഞ 1,737 അപേക്ഷകർക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചു. 26,064 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. തീർത്ഥാടകർക്ക് എസ്.എം.എസ് വഴിയും വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാക്കും. കോഴിക്കോട് വിമാനത്താവളത്തിന് പുറമേ നെടുമ്പാശേരിയും ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ്.
അപേക്ഷകരുടെ എണ്ണം കുറഞ്ഞു
സംസ്ഥാനത്തെ ഹജ്ജ് അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷം രാജ്യത്ത് ഒന്നാമതായിരുന്നെങ്കിൽ ഇത്തവണ നാലാം സ്ഥാനത്താണ്. ഇതോടെ സംസ്ഥാന ക്വോട്ടയും കുറഞ്ഞു. 7,767 അപേക്ഷകരുമായി മലപ്പുറം മുന്നിലും 6,027 പേരുമായി കോഴിക്കോട് രണ്ടാമതുമാണ്. തുടർച്ചയായി അഞ്ച് വർഷം അപേക്ഷിച്ചവരെ നറുക്കെടുപ്പില്ലാതെ നേരിട്ടു തീർത്ഥാടനത്തിന് തിരഞ്ഞെടുക്കുന്ന രീതി ഇത്തവണ കോടതി ഇടപെടലോടെ നിറുത്തലാക്കി.