പൊന്നാനി: സിനിമാക്കാർ ആനുകൂല്യങ്ങൾക്കും ശക്തികേന്ദ്രങ്ങൾക്കും പിന്നാലെയാണെന്നും പ്രതികരിക്കാൻ അവർക്ക് ഭയമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം പൊന്നാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമാക്കാർ ഭയത്തിനൊപ്പമാണ്. അവരുടെ ശബ്ദം പുറത്തു വരില്ല. അധികാരകേന്ദ്രങ്ങളിൽ നിന്ന് എറിഞ്ഞുകിട്ടുന്നവയ്‌ക്കായി കാത്തിരിക്കുന്നവരാണവർ. സിനിമാക്കാരെ വിശ്വസിക്കേണ്ടതില്ല. സിനിമയിൽ നിലനിൽക്കണമെങ്കിൽ നിശബ്ദമാകേണ്ട അവസ്ഥയാണ്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടോ മൂന്നോ പേർ നേരിടുന്നത് കടുത്ത കാട്ടാളത്തമാണ്. എല്ലാവരും മിണ്ടാതിരിക്കുമ്പോൾ പ്രതിഷേധിക്കുന്നവർ വിഡ്ഢികളാവുകയാണ്. സിനിമയെടുക്കുകയെന്നത് അധികാര കേന്ദ്രങ്ങളുടെ ഔദാര്യത്തിന്റെ ഭാഗമായി. ആശങ്കാകുലമായ സാഹചര്യത്തിലാണ് രാജ്യമുള്ളത്. യോജിച്ച് നിൽക്കേണ്ട സമയമാണിതെന്നും അടൂർ പറഞ്ഞു.
മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂർ ആയിഷ, പാലക്കീഴ് നാരായണൻ, തൃക്കളം കൃഷ്ണൻകുട്ടി എന്നിവരെ ആദരിച്ചു. സാഹിത്യ അക്കാഡമി ചെയർമാൻ വൈശാഖൻ, ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എം.എം. നാരായണൻ, വേണു പാലൂർ എന്നിവർ പ്രസംഗിച്ചു.