മലപ്പുറം: പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തുന്നത് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനങ്ങൾക്ക് വിലങ്ങുതടിയാവുന്നു. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി പകുതി പിന്നിട്ടിട്ടും തൊട്ടുമുമ്പത്തെ റാങ്ക് പട്ടികയെ അപേക്ഷിച്ച് നിയമനം തീർത്തും മന്ദഗതിയിലാണ് സംസ്ഥാനതലത്തിൽ തന്നെ മുന്നോട്ടുപോവുന്നത്. ഇതുവരെ 306 നിയമന ശുപാർശകളാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചത്. 376 നിയമനങ്ങളുമായി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. കോഴിക്കോട്ട് 326 നിയമന ശുപാർശകളും നൽകിയിട്ടുണ്ട്. 2021 ജൂൺ 29ന് റാങ്ക് പട്ടിക റദ്ദാക്കും. പുതിയ വിജ്ഞാപനം ഡിസംബർ 31ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കാം. ഏഴാംക്ലാസാണ് യോഗ്യത. ബിരുദം നേടിയവരാകരുത്. ഇതിനകം തന്നെ ജില്ലയിൽ മാത്രം പതിനായിരത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ട്. ഏറെ നിയമനങ്ങൾ പ്രതീക്ഷിക്കുന്ന തസ്തികയായാണ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സിനെ ഉദ്യോഗാർത്ഥികൾ നോക്കിക്കാണുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ ഉള്ളപ്പോഴാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമനം നൽകാതെ ഉദ്യോഗാർത്ഥികളെ വട്ടംകറക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും വേഗത്തിൽ നിയമനങ്ങൾ നടത്താനും ഇ-വേക്കൻസി സോഫ്റ്റുവെയറുമായി പി.എസ്.സി രംഗത്തുണ്ടെങ്കിലും വകുപ്പ് മേധാവികളുടെ പൂഴ്ത്തിവയ്പ്പ് മൂലം വേണ്ടത്ര ഫലപ്രദമാവുന്നില്ല
വർഷങ്ങളായി കരാർ നിയമനത്തിൽ ജോലി തുടരുന്നവരെ സംരക്ഷിക്കാനും സ്വന്തക്കാർക്ക് നിയമനം നൽകാനുമാണ് ഉദ്യോഗസ്ഥർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന ആക്ഷേപം ശക്തമാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ പോലും നോക്കുകുത്തിയാക്കി മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല ഓഫീസുകളിലും കരാർ നിയമനങ്ങൾ നടത്തുന്നത്.
അഭിമുഖമോ റാങ്ക് പട്ടികയോ തയ്യാറാക്കാതെ രാഷ്ട്രീയ താത്പര്യങ്ങളടക്കം മുൻനിറുത്തിയാണ് നിയമനങ്ങൾ നടത്തുന്നതെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
ജില്ലയിൽ വിവിധ തസ്തികകളിലേക്ക് നടന്ന താത്ക്കാലിക നിയമനങ്ങൾ പലതും മെറിറ്റ് പ്രകാരമല്ല. ഒഴിവ് സംബന്ധിച്ച അറിയിപ്പും അഭിമുഖവും മുറപോലെ നടത്തുമെങ്കിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഇതു പ്രകാരമല്ല നിയമനങ്ങൾ നടത്തുന്നത്.
രാഷ്ട്രീയ, ഉദ്യോഗസ്ഥ താത്പര്യങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടക്കുമ്പോൾ യോഗ്യരായ ഉദ്യോഗാർത്ഥികളാണ് പുറത്താവുന്നത്.