സ്വന്തം ലേഖകൻ
മലപ്പുറം: ഷൊർണൂർ – നിലമ്പൂർ പാത ഈ മാസം 20 മുതൽ രാത്രികാല ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അധികൃതർ തീരുമാനിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വെല്ലുവിളിയാവും. പ്രധാന ക്രോസിംഗ് സ്റ്റേഷനായ വാണിയമ്പലത്ത് ഒരു പ്ലാറ്റ് ഫോമാണുള്ളത്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസ് വരുന്നതും പോവുന്നതും ഒന്നാമത്തെ പാളത്തിലൂടെയാണ്. ഈ സമയങ്ങളിലെത്തുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചർ രണ്ടാമത്തെ പാളത്തിലാണ് നിറുത്തിയിടുന്നത്. ഇവിടെ പ്ലാറ്റ് ഫോമില്ലാത്തതിനാൽ ട്രെയിനിൽ കയറാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വാണിയമ്പലത്ത് രണ്ടാം പ്ലാറ്റ് ഫോം നിർമ്മിക്കാൻ ഫണ്ടില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. രാത്രി ഗതാഗതത്തിന് പാത തുറന്നുകൊടുത്തതിലെ പ്രധാനലക്ഷ്യം ഗുഡ്സ് ട്രെയിനുകളുടെ വരവാണെന്നതിനാൽ നിലവിൽ ഈ പ്രശ്നം വലിയതോതിൽ ബാധിക്കില്ല. ഗുഡ്സ് ട്രെയിനുകൾ കൂടുതലായി ഓടിക്കാനായാലേ രാത്രി സർവീസ് ലാഭകരമായി മുന്നോട്ടുകൊണ്ടുപോവാനാവൂ. മലബാർ സിമന്റ്സിൽ നിന്നുള്ള ഗുഡ്സ് ട്രെയിനുകൾ വൈകാതെ ഈ റൂട്ടിലോടും. രാത്രി സർവീസിന് മലബാർ സിമന്റ്സ് നേരത്തെതന്നെ വലിയ താത്പര്യമെടുത്തിരുന്നു. പാസഞ്ചർ ട്രെയിനുകളുടെ സർവീസിന് സമയമെടുക്കുമെന്നാണ് വിവരം.
രാത്രിസമയത്ത് അധിക ജീവനക്കാരെ നിയമിക്കാൻ പാലക്കാട് ഡിവിഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച വിവരം സ്റ്റേഷൻ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ക്രോസിംഗ് സ്റ്റേഷനുകളായ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും രാത്രികാല ഡ്യൂട്ടിയിൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കേണ്ടതുണ്ട്. റെയിൽവേ ഗേറ്റുകളിൽ രാത്രിയിൽ ഗേറ്റ് കീപ്പർമാരും വേണം. സിഗ്നൽ, എൻജിനീയറിങ് ജീവനക്കാരെയും നിയമിക്കണം. ഡിസംബർ 24നാണ് പാതയിലെ രാത്രികാല ഗതാഗതത്തിന് ദക്ഷിണ റെയിൽവേ പച്ചക്കൊടി കാട്ടിയത്. നിലവിൽ പാതയിൽ രാത്രി 10നും രാവിലെ ആറിനുമിടയിലെ യാത്രാനിരോധനമാണ് ഇതോടെ ഇല്ലാതാവുന്നത്.
കണക്ഷൻ ട്രെയിനുകൾ വേണം
ഷൊർണൂർ - തിരുവനന്തപുരം ട്രെയിനുകൾ ലക്ഷ്യമിട്ട് കൂടുതൽ കണക്ഷൻ ട്രെയിനുകൾ നിലമ്പൂരിൽ നിന്ന് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.
രാവിലെ 6.50ന് പുറപ്പെടുന്ന നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിൻ 8.40നാണ് ഷൊർണൂരിലെത്തുന്നത്. ഈ സമയത്തുള്ള കണ്ണൂർ –ആലപ്പുഴ എക്സ്പ്രസിൽ കയറാൻ യാത്രക്കാർ വലിയ സാഹസം തന്നെ നടത്തണം. പിന്നീട് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് ട്രെയിനുള്ളത്. 10.35ന് നേത്രാവതി എക്സ്പ്രസ്, 11.10ന് ശബരി എക്സ്പ്രസ്,11.30ന് പരശുറാം എക്സ്പ്രസ് എന്നിങ്ങനെയാണ് പിന്നീടുള്ള ട്രെയിനുകൾ.
രാത്രി 7.20നുള്ള ഷൊർണൂർ - നിലമ്പൂർ ട്രെയിൻ കിട്ടിയില്ലെങ്കിൽ പിന്നെ ബസ് സർവീസിനെ ആശ്രയിക്കണം.
നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന സമയം കണക്ഷൻ ട്രെയിൻ കിട്ടുന്ന വിധത്തിൽ പുനഃക്രമീകരിക്കണമെന്ന ആവശ്യം അധികൃതർ ചെവികൊണ്ടിട്ടില്ല.