മഞ്ചേരി: ഓട്ടിസം ബാധിച്ച, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പയ്യനാട് ചോലയ്ക്കൽ അത്താണിക്കൽ കല്ലിടുമ്പിൽ സെയ്തലവിയെ(56) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പയ്യനാട് പുളിക്കൽ ജംഷീദിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. 2016ൽ നടന്ന കേസിൽ അടുത്തമാസം നാലിന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് സെയ്തലവി കൊല്ലപ്പെട്ടത്. ഇന്നലെ പകൽ പതിനൊന്നരയോടെ അത്താണിക്കലിലെ കമുകിൻ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ കണ്ടെത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. സെയ്തലവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇത്തിക്കുട്ടിയാണ് കൊല്ലപ്പെട്ട സെയ്തലവിയുടെ മാതാവ്. ഭാര്യ: സീനത്ത്. മക്കൾ: ഷമീന, ഷമീർ, സിനിയ, ഷബീർ, ഷഹീർ. മരുമകൻ: ശിഹാബ് മലപ്പുറം. സഹോദരങ്ങൾ: ഫാത്തിമ, ആബിദ, നൂർജഹാൻ.