മലപ്പുറം: ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോകാമെന്നും അതിന് ഗവർണറുടെ സമ്മതം വേണ്ടെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഗവർണറുടെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണ്. നിരന്തരം വാർത്താ സമ്മേളനവും പ്രസ്താവനകളും വെല്ലുവിളികളുമായി നടക്കുന്നത് നല്ലതല്ല. ഗവർണർ രാഷ്ട്രീയ വക്താവിനെ പോലെ ഇടപെടുന്നു. സംസ്ഥാനത്ത് ഉടലെടുത്ത സ്ഥിതിവിശേഷം ദൗർഭാഗ്യകരമാണ്. സർക്കാർ തന്നെ ഗവർണറുമായി സംസാരിച്ച് വിവാദം തീർക്കണം.
പൗരത്വ പ്രതിഷേധത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വിഷയമാക്കി ഇടതുമുന്നണി തരംതാഴ്ത്തരുത്. കേന്ദ്രത്തിൽ കോൺഗ്രസാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തിൽ മാത്രം പ്രതിഷേധിച്ച് ചാമ്പ്യന്മാരാവാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.