puzha
തവനൂ‌ർ ഭാഗത്ത് ഭാരതപ്പുഴയുടെ വെള്ളം കുറഞ്ഞ ഭാഗത്ത് കൃഷിക്കായി സ്ഥലം വേലികെട്ടി തിരിക്കുന്നു

തവനൂർ: ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ പുഴയിൽ വെള്ളമില്ലാത്തിടത്ത് പച്ചക്കറി കൃഷിയിറക്കി കർഷകർ. തവനൂരിൽ പല ഭാഗത്തും ഇതു പോലെ കൃഷി ആരംഭിച്ചിട്ടുണ്ട്. പുഴയിലെ ചെളി നിറഞ്ഞ മണൽ പ്രദേശമാണ് ഇത്തരത്തിൽ പച്ചക്കറി കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്ഥലം വേലി കെട്ടിതിരിച്ചാണ് കൃഷിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. വേനൽക്കാലത്ത് അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുഴയിൽ വെള്ളമില്ലാത്ത ഭാഗത്ത് തന്നെ കൃഷി ആരംഭിച്ചിട്ടുള്ളത്. കൃഷി നടത്തുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു കുഴി കുഴിച്ച് അതിൽ നിറയുന്ന വെള്ളമാണ് ജലസേചനത്തിനുപയോഗിക്കുന്നത്.
മേയ് അവസാനമാകുമ്പോഴേക്കും രണ്ട് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ക‌ർഷക കൂട്ടായ്മകൾ. ഇതുവഴി വിഷരഹിതമല്ലാത്ത പച്ചക്കറി വിഷുവിന് നാട്ടിലെത്തിക്കാനാണ് ഈ കർഷകരുടെ ആഗ്രഹം.

കൃഷി ഇങ്ങനെ

കാട്ടുകരിമ്പും മുള്ളും ഉപയോഗിച്ച് വേലി കെട്ടി കൃഷി ചെയ്യാൻ പോകുന്ന പ്രദേശം പ്രത്യേകമായി സംരക്ഷിക്കും. നാൽക്കാലികളോ കുറുക്കന്മാരോ കൃഷിയിടം നശിപ്പിക്കാതിരിക്കാനാണിത്. പിന്നീട് തടം തീർത്ത് ചീര, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയവയുടെ വിത്തിടും. പുഴയിൽ വെള്ളമുള്ളതിനാൽ വെള്ളത്തിന്റെ കാര്യം പ്രശ്നമല്ല. വളമായി ചാണകമോ വേപ്പെണ്ണക്കഷായമോ ഉപയോഗിക്കും. തീർത്തും ജൈവരീതിയിലാണ് കൃഷി.

വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം വച്ചാണ് കൃഷി ചെയ്യുന്നത്. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്ത് കൃഷിക്ക് അനുയോജ്യമായ സാഹചര്യമുണ്ട്.

ജിതേഷ് , പ്രസാദ്, റഫീഖ്

കർഷകർ