വളാഞ്ചേരി: പ്രായപൂർത്തിയാവാത്ത നാല് പെൺമക്കളെ ഭീഷണിപ്പെടുത്തി വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി തിണ്ടലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 47കാരനാണ് അറസ്റ്റിലായത്. പത്തും പതിമ്മൂന്നും പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളാണ് പലവട്ടം പീഡനത്തിനിരയായത്. പത്ത് വയസുള്ള കുട്ടി അദ്ധ്യാപികയോട് വിവരം പറഞ്ഞതോടെ മലപ്പുറം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം നാല് കേസെടുത്തു. വീട്ടുജോലികൾക്ക് പോയിരുന്നതിനാൽ കുട്ടികളുടെ മാതാവ് ഇക്കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
നിർദ്ധന കുടുംബത്തിൽപ്പെട്ട കുട്ടികൾ സൗജന്യമായി ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. അവധി ദിവസങ്ങളിൽ വീട്ടിൽ പോവാൻ മടിച്ചതോടെ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പിതാവിന്റെ പീഡനം പുറത്തറിഞ്ഞത്. പതിനേഴുകാരിയായ പെൺകുട്ടി പത്താംക്ലാസ് വരെ ഹോസ്റ്റലിലായിരുന്നു. മാസങ്ങളായി വീട്ടിൽ കഴിയുന്നതിനാൽ പ്ലസ്‌വൺ വിദ്യാർത്ഥിയായ ഈ കുട്ടിയാണ് ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതൽ ഇരയായത്. തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വീട്ടിലേക്ക് വരേണ്ടെന്നാണ് കുട്ടികളോട് പ്രതിയുടെ ഭീഷണി. നിത്യ മദ്യപാനിയായ പ്രതിയെ ഭയന്നാണ് കുട്ടികൾ പീഡനം പുറത്തു പറയാതിരുന്നത്. മൂത്ത പെൺകുട്ടിയെയാണ് ആദ്യം പീഡിപ്പിച്ചത്. ചെറുപ്പം മുതൽ മറ്റു കുട്ടികളെയും പീഡിപ്പിക്കുന്നുണ്ട്. പതിനഞ്ചുകാരിയെ മൂന്നാംക്ലാസ് മുതൽ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ സുഹൃത്തുക്കൾ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. ഇവർ ആരെങ്കിലും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചെങ്കൽ ക്വാറിയിൽ ലോഡിംഗ് തൊഴിലാളിയായ പ്രതി വളാഞ്ചേരി സ്വദേശിനിയെ വിവാഹം ചെയ്ത് 22 വർഷമായി ഇവിടെയാണ് താമസം. വളാഞ്ചേരി എസ്.എച്ച്. ഒ.ടി. മനോഹരന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.