മലപ്പുറം: രാജ്യത്തിന്റെ സുരക്ഷാസേനയെ ജനങ്ങൾക്ക് കൂടുതൽ അടുത്തറിയാൻ 'സേനയെ അറിയാം' എന്ന പേരിൽമലപ്പുറത്ത് സംഘടിപ്പിച്ച ആർമിമേളയ്ക്ക് സമാപനം. മലപ്പുറത്തുകാരുടെ ജനപങ്കാളിത്തത്തിനും സഹകരണത്തിനും നന്ദി അറിയിച്ചാണ് എം.എസ്.പി ഗ്രൗണ്ടിൽ രണ്ടുദിവസം നീണ്ടുനിന്ന മേളയ്ക്ക് സമാപനമായത്. മേളയുടെ സമാപന ദിവസമായ ഇന്നലെ മേജർ രവി മുഖ്യാതിഥിയായി. ജാതി, മതം, സാമുദായിക ചിന്തകൾ തുടങ്ങി ഇടുങ്ങിയ ചിന്തകളെല്ലാം അകറ്റി യഥാർത്ഥ മനുഷ്യനാവുകയാണ് ഒരു പട്ടാളക്കാരൻ ചെയ്യുന്നതെന്ന് മേജർ രവി പറഞ്ഞു. മലപ്പുറത്ത് നിന്നും കൂടുതൽ പേർ ഈ വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമിയുടെ അഭിമുഖത്തിൽ പങ്കെടുത്തത് ഏറെ സന്തോഷത്തോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരപ്പടയുടെ പ്രകടനത്തോടെയാണ് മേളയുടെ രണ്ടാദിവസത്തിന് തുടക്കമായത്. ടൊർണാഡോസ് ആർമി സർവീസ് സംഘം റോയൽ എൻഫീൽഡിൽ ഇരുന്നും കിടന്നും സംഘമായും നടത്തിയ അഭ്യാസ പ്രകടനങ്ങളും നിറഞ്ഞ കൈയടി നേടി. മദ്രാസ് റെജിമെന്റ്സ് സേനാംഗങ്ങൾ നടത്തിയ കളരിപ്പയറ്റ് മലബാറിന്റെ തനത് ആയോധനകലയുടെ നേർകാഴ്ചയായി. മേളയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ സേനാംഗങ്ങൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
വിവിധ സ്റ്റാളുകളിൽ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദർശനം കാണാനും അഭ്യാസപ്രകടനം കാണാനും വിമുക്ത ഭടന്മാരും കുടുംബങ്ങളും വിദ്യാർത്ഥികളും നാട്ടുകാരുമായി നിരവധി പേരാണ് മേളയുടെ സമാപന ദിവസവും മൈതാനത്ത് എത്തിയതെന്നും ശ്രദ്ധേയമാണ്.