മലപ്പുറം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കാൻ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത്.
പ്രതിഷേധങ്ങൾ അതിരുകടക്കുന്നത് തടയുകയാണ് ലക്ഷ്യം. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ നിലവിലെ നിബന്ധനകൾ കർശനമായി പാലിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് പൊലീസിന് നിർദേശം നൽകി. വർഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘർഷത്തിനും വഴിവയ്ക്കുന്ന നീക്കങ്ങൾ തടയാൻ രാഷ്ട്രീയ കക്ഷികളുടെയും മതസംഘടനകളുടെയും പിന്തുണയുണ്ടാകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ജനാധിപത്യ മാർഗ്ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരുരീതിയിലും തടയില്ല. എന്നാൽ മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് താലൂക്ക് തലത്തിൽ രാഷ്ട്രീയ പാർട്ടികളുടേയും മത സംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കും.
പൗരത്വഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേധങ്ങൾ ജില്ലയിൽ അനുദിനം ശക്തിപ്പെട്ടുവരികയാണ്. കഴിഞ്ഞ ദിവസം കരിപ്പൂർ എയർപ്പോർട്ട് റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.