മലപ്പുറം: ജില്ലയിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനെത്തിയത് കാലാവധി തീരാൻ രണ്ടുമാസം മാത്രം ശേഷിക്കുന്ന 480 ലോഡ് അരി. പാലക്കാട് ഒലവങ്കോട്ടെ എഫ്.സി.ഐ ഗോഡൗണിൽ കെട്ടിക്കിടന്ന 2017ലെ അരിയാണ് നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ താലൂക്കുകളിലെ റേഷൻ കടകളിലെത്തിച്ചത്. മാർച്ചിനകം ഈ അരി ഗോഡൗണിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. എഫ്.സി.ഐ ഗോഡൗണിൽ മൂന്നുവർഷം വരെ അരി സൂക്ഷിക്കാനേ അനുവാദമുള്ളൂ. സാധാരണഗതിയിൽ അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് ജില്ലയിലേക്കുള്ള അരിയെടുക്കാറുള്ളത്. ഇവിടെ പുതിയ അരിയുണ്ട്. ഒലവങ്കോട്ടെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന അരി പാലക്കാട്ടേക്ക് മാത്രം വിതരണം ചെയ്താൽ തീരില്ലെന്നതിനാൽ മലപ്പുറം ജില്ലയിൽ കൂടി വിതരണം ചെയ്യാൻ എഫ്.സി.ഐ അധികൃതർ ജില്ലാ സിവിൽ സപ്ലൈസ് അധികൃതർക്ക് നിർദ്ദേശമേകുകയായിരുന്നു. ഇതുപ്രകാരം 480 ലോഡ് അരിയാണ് ഇവിടെ നിന്ന് ജില്ലയിലെത്തിച്ചത്. ഇതിൽ 58 ലോഡ് പച്ചരിയാണ്. 422 ലോഡിൽ ഭൂരിഭാഗവും പുഴുങ്ങല്ലരിയും കുറച്ച് ഗോതമ്പുമാണ്.
അരിയിൽ പുഴുവും
കാലപ്പഴക്കവും പുഴുവരിക്കുന്നതുമായ അരി റേഷൻ കടകളിലെത്തിച്ചതോടെ റേഷൻ കടക്കാരും ഗുണഭോക്താക്കളും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. അരി വാങ്ങിയവരിൽ പലരും റേഷൻകടകളിൽ തന്നെ തിരിച്ചേൽപ്പിക്കുന്നുണ്ട്.
പച്ചരിയിലാണ് പ്രധാനമായും പുഴുക്കളെ കാണുന്നത്. കാലപ്പഴക്കം മൂലം അരി കട്ട പിടിച്ചിട്ടുമുണ്ട്. പൊടിയും കൂടുതലാണ്.
പരാതി വ്യാപകമായതോടെ പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ നിന്ന് ഈ അരി സിവിൽസപ്ലൈസ് അധികൃതർ തിരിച്ചെടുത്തിട്ടുണ്ട്.
കട്ട പിടിച്ച അരി ഗോഡൗണുകളിലെത്തിച്ച് തരിപ്പയിലിട്ട് വൃത്തിയാക്കിയ ശേഷം വീണ്ടും റേഷൻ കടകളിലൂടെ വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. തീർത്തും കേടായ അരി എഫ്.സി.ഐക്ക് തിരിച്ചു നൽകും.
48,000 കിന്റൽ അരിയാണ് ജില്ലയിലെത്തിച്ചത്
5,800 കിന്റൽ പച്ചരിയാണ്
മോശം അരി തിരിച്ചെടുക്കാൻ നടപടിയെടുത്തു. പച്ചരിയിലാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. എഫ്.സി.ഐ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ഒലവങ്കോട്ട് നിന്ന് ജില്ലയിലേക്ക് അരിയെത്തിച്ചത്.
കെ.രാജീവ്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ
ഏറ്റവും മോശപ്പെട്ട അരിയാണ് ഇപ്പോൾ ജില്ലയിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. പുഴുവരിക്കുന്നെന്ന പരാതി വ്യാപകമാണ്. പഴകിയ അരി പൂർണ്ണമായും തിരിച്ചെടുത്ത് പുതിയ അരി നൽകണം.
എം. മണി, ജില്ലാ ജനറൽ സെക്രട്ടറി ,റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ