പെരിന്തൽമണ്ണ: കൊളത്തൂർ ഓണപ്പുട അങ്ങാടിയിലെ നവീകരണ പ്രവൃത്തികൾ സ്തംഭിച്ചതോടെ നാട്ടുകാർ പ്രതിഷേധത്തിൽ. പുതിയ ഓവുപാലം നിർമ്മിക്കാനും മൂന്നു റോഡിലെയും വെള്ളം ഒഴുകിപ്പോകാൻ ചാൽ നിർമ്മിക്കാനുമായാണ് പ്രവൃത്തി ആരംഭിച്ചത്. ഇതിനായി നിലവിലുണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി . വശങ്ങൾ കോൺക്രീറ്റ് ചെയ്ത് റോഡ് ഉയർത്താനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റാൻ കഴിയാത്തതിനാൽ ഇപ്പോൾ പ്രവൃത്തി സ്തംഭിച്ച അവസ്ഥയിലാണ്. പോസ്റ്റുകൾ മാറ്റാനുള്ള ഫണ്ട് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താഞ്ഞതാണ് വിനയായത്.
മൂന്നുമാസം മുമ്പാണ് പണി ആരംഭിച്ചത്. റോഡിനു കുറുകെ ഓവുചാൽ നിർമ്മിച്ചെങ്കിലും റോഡ് ഉയർത്താത്തതിനാൽ, പൊങ്ങിനിൽക്കുന്ന സ്ളാബിൽ തട്ടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ചാലുകളിൽ സ്ലാബുകൾ പൂർണ്ണമായി സ്ഥാപിക്കാത്തതും അപകടത്തിനിടയാക്കുന്നു. പൊടി ശല്യവും രൂക്ഷമാണ്.
പെരിന്തൽമണ്ണ റോഡിലെ ചാലിലെ മണ്ണു നീക്കം ചെയ്യാൻ എസ്റ്റിമേറ്റിൽ തുക ഉൾപ്പെടുത്താത്തതും പ്രശ്നങ്ങളുയർത്തുന്നു. നിലവിൽ റോഡിലൂടെയാണ് മലിനജലം ഒഴുകുന്നത്.
അടിയന്തരമായി ഇലക്ട്രിക് പോസ്റ്റ് മാറ്റുകയും അങ്ങാടിയിലെ നവീകരണം പൂർത്തിയാക്കുകയും ചെയ്തില്ലെങ്കിൽ സമരവുമായി രംഗത്തെത്തുമെന്ന് നാട്ടുകാർ പറയുന്നു.